തിരുവന്തപുരം: വൈദ്യുതി ഉപഭോക്താക്കൾക്കുള്ള സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ അടുത്ത മാസം മുതൽ ലഭിക്കുമെന്ന് കെഎസ്ഇബി. ലോക്ക് ഡൗൺ കാലയളവിൽ ഗാർഹിക ഉപഭോക്താക്കളുടെ വൈദ്യുതി ബില്ലുകൾക്കാണ് ഇളവ് നൽകുന്നത്. നേരത്തെ ഉപയോഗിച്ച വൈദ്യുതിയുടെ ശരാശരിയും ലോക് ഡൗൺ കാലത്തെ ഉപഭോഗ വർധനവും കണക്കിലെടുത്താകും ഇളവുകൾ. ബിൽ അടച്ചവർക്ക് തുടർന്നുള്ള ബില്ലുകളിൽ സബ്സിഡി നൽകും. ഇതുവരെ ബില്ലടയ്ക്കാത്തവർക്ക് ഗഡുക്കളായി അടക്കാനും അവസരം ഉണ്ട്. അഞ്ച് ഗഡുക്കളായാണ് തുക അടയ്ക്കേണ്ടത്. സെക്ഷൻ ഓഫീസിലോ 1912 എന്ന കെഎസ്ഇബി കോൾ സെന്‍റർ നമ്പരിലോ ബന്ധപ്പെട്ടും തവണകൾ അടയ്ക്കാം.
ബിൽ തുകയുടെ അഞ്ചിലൊന്ന് ഓൺലൈനായി അടച്ചും തവണകളാക്കി മാറ്റാം. തവണകൾ ആവശ്യമില്ലാത്തവർക്ക് നിലവിൽ ലഭിച്ച ബിൽ തുകയുടെ 70 ശതമാനം ഇപ്പോൾ അടച്ചാൽ മതിയാകും. ഏപ്രിൽ 20 മുതൽ ജൂൺ 19 വരെയുള്ള കാലയളവിൽ നൽകിയ ബില്ലുകൾക്ക് സർക്കാർ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കെഎസ്ഇബിയുടെ നടപടി.