തിരുവനന്തപുരം: പ്രധാനമന്ത്രി മുതല്‍ കേന്ദ്രമന്ത്രിമാർ വരെ. രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും, സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട് കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണം പരമകോടിയിലാണ്. താരപ്രചാരകനായ മുഖ്യമന്ത്രി പിണറായി വിജയനിലാണ് എല്‍ഡിഎഫിന്‍റെ പ്രതീക്ഷ.
അണിയറയില്‍ വ്യാജരേഖകൾ ഉണ്ടാക്കുന്നതായും വരും ദിവസങ്ങളില്‍ നുണബോംബുകൾ പൊട്ടുമെന്നും പറഞ്ഞ പിണറായി വിജയൻ ഇടതുമുന്നണിക്കും സർക്കാരിനും നേതാക്കൾക്കുമെതിരെ വരുമെന്ന് സംശയിക്കുന്ന ആരോപണങ്ങളെ നേരിടുകയാണ്. ഇനി ഏത് തരം ആരോപണമുണ്ടായാലും നേരത്തെ പറഞ്ഞ നുണബോംബാണിതെന്ന് ഇടതുമുന്നണിക്ക് പറയാം. എന്നാല്‍ നുണബോംബ് എന്താണെന്ന് മുഖ്യമന്ത്രി തന്നെ പറയട്ടെ എന്ന നിലപാടിലാണ് യുഡിഎഫ് നേതാക്കൾ. വരും ദിവസങ്ങളില്‍ സ്വന്തം പാർട്ടിയില്‍ പൊട്ടാൻ പോകുന്ന ബോംബിനെ കുറിച്ചാണ് മുഖ്യമന്ത്രി പറഞ്ഞതെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനും പറഞ്ഞു കഴിഞ്ഞു.
അതിനിടെ കഴിഞ്ഞ ദിവസങ്ങളില്‍ വലിയ ചർച്ചയായതും പിന്നീട് കോടതി വരെയുമെത്തിയ ഇരട്ട വോട്ട് വിഷയത്തില്‍ പുതിയവിവാദം രൂപപ്പെട്ടു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇരട്ടവോട്ട് വിവരങ്ങൾ അപ്‌ലോഡ് ചെയ്‌തിരിക്കുന്നത് സിംഗപ്പൂർ ആസ്ഥാനമായ കമ്പനിയുടെ ഐപി അഡ്രസില്‍ നിന്നാണെന്ന് സിപിഐ ആരോപിച്ചു. ഇതോടെ വ്യക്തിഗത വിവരങ്ങൾ അടക്കം ചിത്രങ്ങളോടെ വിദേശത്തേക്ക് കൈമാറിയതില്‍ ഗൗരവമായ നിയമപ്രശ്നങ്ങളുണ്ടെന്ന് സിപിഎം പിബി അംഗം എംഎ ബേബിയും ആരോപിച്ചു. വ്യക്തികളുടെ വിവരങ്ങൾ അനുമതിയോടെയല്ല വിദേശ കമ്പനിക്ക് കൈമാറിയതെന്നും ബേബി പറയുന്നു. നാലര ലക്ഷത്തോളം ഇരട്ടവോട്ടർമാരുടെ വിവരങ്ങളാണ് ഓപ്പറേഷൻ ട്വിൻസ് എന്ന വെബ്സൈറ്റ് വഴി രമേശ് ചെന്നിത്തല പുറത്തുവിട്ടത്. പുറത്തുവിട്ട വിവരങ്ങളില്‍ ഡാറ്റ പ്രൈവസി ലംഘനമില്ലെന്നും ചെന്നിത്തല പറഞ്ഞു.
എന്നാല്‍ പുറത്തുവിട്ട വിവരങ്ങളില്‍ പിശകുണ്ടെന്ന വാദവുമായി ഒറ്റപ്പാലം അടക്കമുള്ള മണ്ഡലങ്ങളിലെ വോട്ടർമാർ രംഗത്ത് എത്തി. ഇരട്ട സഹോദരങ്ങളെയാണ് ഇരട്ടവോട്ടുള്ളവരായി ചെന്നിത്തലയുടെ റിപ്പോർട്ടില്‍ പരാമർശിച്ചിരിക്കുന്നത്. ഇതിനെതിരെ പരാതി നല്‍കുമെന്ന് ഇരട്ട സഹോദരങ്ങൾ പറയുന്നു. ഇതോടെ വരും ദിവസങ്ങളിലും ഇരട്ട വോട്ട് വിവാദത്തിലെ ശരി തെറ്റുകൾ സംബന്ധിച്ച ചർച്ചകൾ തുടരുമെന്നുറപ്പായി.