തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ ചുഴലിക്കാറ്റിനേക്കാൾ വലിയ ആഘാതം യുഡിഎഫിനും ബിജെപിക്കും ഉണ്ടാകുമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. അപവാദവും വികസനവും തമ്മിലുള്ള മത്സരമാണ് ഈ തെരഞ്ഞെടുപ്പിൽ നടക്കുന്നത്. കേരളത്തിൽ യുഡിഎഫും ബിജെപിയും ഒത്തുകളിക്കുന്നുവെന്നും എം.എ ബേബി ആരോപിച്ചു.
സി.എം രവീന്ദ്രനെ ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിൽ അന്ധാളിക്കേണ്ട കാര്യമില്ല. രവീന്ദ്രൻ പോകട്ടെ, തെളിവുകൾ വരട്ടെ. ഇപ്പോൾ രവീന്ദ്രനെക്കുറിച്ച് ചർച്ച ചെയ്യേണ്ട കാര്യമില്ല. കെ.എസ്.എഫ്.ഇ വിജിലൻസ് റെയ്‌ഡ് വിവാദത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് കൃത്യമായ പ്രസ്‌താവന ഇറക്കിയിട്ടുണ്ട്. അതോടെ ആ വിഷയം അവസാനിച്ചു.
കൂടുതൽ വായിക്കാൻ:സി.എം രവീന്ദ്രന് വീണ്ടും ഇ.ഡിയുടെ നോട്ടീസ്
ഇടതുപക്ഷത്തെ ദുർബലപ്പെടുത്താനുള്ള ശ്രമമാണ് ഇ.ഡി നടത്തുന്നത്. പൊലീസ് ആക്ട് ഭേദഗതി നിയമം പാർട്ടി ചർച്ച ചെയ്‌തിരുന്നു. എന്നാൽ അതിൻ്റെ സൂക്ഷ്മ വശങ്ങൾ പരിശോധിച്ചിട്ടില്ല. രമൺ ശ്രീവാസ്തവ ഒരു വിഷയത്തിലും ഇടപെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് സർക്കാരിൻ്റെ വിലയിരുത്തലാകുമെന്നും എം.എ ബേബി പറഞ്ഞു.