തിരുവനന്തപുരം: കൊവിഡ് ബാധിതർക്ക് തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താനുള്ള മാർഗനിർദ്ദേശങ്ങൾ തെരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തിറിക്കി. കൊവിഡ് സ്ഥിരീകരിച്ചവർക്കും നിരീക്ഷണത്തിലുള്ളവർക്കും തലേ ദിവസം വൈകിട്ട് മൂന്നുവരെ തപാൽ ബാലറ്റ് അനുവദിക്കും. അതിനു ശേഷം കൊവിഡ് ബാധിക്കുന്നവർക്ക് വോട്ടെടുപ്പ് ദിവസം അവസാന ഒരു മണിക്കൂറും വോട്ട് ചെയ്യാൻ അനുമതി നൽകും. വൈകിട്ട് 5 മുതൽ 6 വരെയാണ് കൊവിഡ് ബാധിച്ചവർക്ക് അവസരം ലഭിക്കുക. അഞ്ചുമണിക്ക് ശേഷം ക്യൂവിൽ നിൽക്കുന്ന മുഴുവൻ വോട്ടർമാരും ടോക്കൺ ലഭിച്ചവരും വോട്ട് രേഖപ്പെടുത്തിയ ശേഷമേ ഇവർക്ക് അവസരം നൽകുകയുള്ളൂ.
സർക്കാർ നിയോഗിക്കുന്ന ആരോഗ്യ ഓഫീസർമാരാണ് കൊവിഡ് ബാധിച്ച സമ്മതിദായകരുടെ പട്ടിക തയ്യാറാക്കുക. വോട്ടെടുപ്പിന് 10 ദിവസം മുമ്പ് വരെ രോഗികളായവരുടെ പട്ടികയായിരിക്കും ഇത്തരത്തിൽ തയ്യാറാക്കുക. ഈ പട്ടിക അനുസരിച്ചാണ് സ്പെഷ്യൽ പോളിങ് ഓഫീസർ പോസ്‌റ്റൽ ബാലറ്റ് അനുവദിക്കുക. ഇത്തരത്തിൽ പോസ്‌റ്റൽ ബാലറ്റുകൾ ലഭിച്ച വോട്ടർമാർ സത്യപ്രസ്‌താവന സ്പെഷ്യൽ പോളിങ് ഓഫീസർക്ക് ഒപ്പിട്ട് നൽകണം. പോസ്‌റ്റൽ ബാലറ്റിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം സത്യ പ്രസ്‌താവനയും ചേർത്താണ് വരണാധികാരിയെ ഏൽപ്പിക്കുന്നതിനായി സ്പെഷ്യൽ പോളിങ് ഓഫീസർക്ക് കൈമാറേണ്ടത്.
പ്രത്യേക ദൂതൻ വഴിയോ തപാൽ വഴിയോ വരണാധികാരിക്ക് പോസ്‌റ്റൽ ബാലറ്റ് എത്തിക്കുകയും ചെയ്യാം. വോട്ടെണ്ണൽ ആരംഭിക്കുന്നതിന് നിശ്ചിതസമയത്തിന് മുമ്പായി വോട്ട് രേഖപ്പെടുത്തിയ തപാൽ ബാലറ്റ് എത്തിയാൽ മാത്രമേ ഉൾപ്പെടുത്തുകയുള്ളൂ.