തിരുവനന്തപുരം: നിര്‍ഭയമായി വോട്ടു രേഖപ്പെടുത്തുന്നതിന് രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ വി.ഭാസ്‌കരന്‍. കൊവിഡ് പശ്ചാത്തലം കണക്കിലെടുത്ത് തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുന്നോടിയായി രാഷ്‌ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും ശ്രദ്ധ പുലര്‍ത്തേണ്ടത് അനിവാര്യമാണ്. അതിനായി പോളിങ് ഏജന്‍റുമാരായി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്ക് ബാഡ്ജും തിരിച്ചറിയല്‍ കാര്‍ഡും നിര്‍ബന്ധമാണ്. സമ്മതിദായകര്‍ക്ക് വിതരണം ചെയ്യുന്ന സ്ലിപ്പുകളില്‍ സ്ഥാനാര്‍ഥികളുടെ പേരോ ചിഹ്നമോ ഉണ്ടാകാന്‍ പാടില്ല. രാഷ്ട്രീയ കക്ഷികളോ സ്ഥാനാര്‍ഥികളോ വോട്ടര്‍മാരെ പോളിങ് സ്‌റ്റേഷനിലെത്തിക്കാന്‍ വാഹന സൗകര്യമൊരുക്കുന്നത് കുറ്റകരമാണ്. ഉദ്യോഗസ്ഥരൊഴികെ മറ്റാരും പോളിങ് സ്‌റ്റേഷനുള്ളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ല.
പഞ്ചായത്തുകളില്‍ പോളിങ് സ്‌റ്റേഷനില്‍ നിന്ന് 200 മീറ്റര്‍ അകലത്തിലും നഗരസഭകളില്‍ 100 മീറ്റര്‍ അകലത്തിലും മാത്രമേ രാഷ്ട്രീയ പാര്‍ട്ടികളുടെ ബൂത്തുകള്‍ സ്ഥാപിക്കാന്‍ പാടുള്ളൂ. ഈ ദൂരപരിധിക്കകത്ത് വോട്ടര്‍മാരോട് ആരും വോട്ടഭ്യര്‍ഥിക്കാന്‍ പാടില്ല. എന്നാല്‍ പോളിങ് ബൂത്ത് ഓഫീസില്‍ സ്ഥാനാര്‍ഥിയുടെ പേര്, ചിഹ്നം എന്നിവ വ്യക്തമാക്കുന്ന ഒരു ബാനര്‍ സ്ഥാപിക്കാം. സ്ലിപ്പ് വിതരണം ചെയ്യുന്ന ബൂത്ത് ഓഫീസുകളിലും സോപ്പ്, വെള്ളം, സാനിട്ടൈസര്‍ എന്നിവ വയ്ക്കണം. സ്ലിപ്പ് വിതരണം ചെയ്യാന്‍ രണ്ടു പേരില്‍ കൂടുതല്‍ പാടില്ല. സ്ലിപ്പ് വിതരണം ചെയ്യുന്നവര്‍ കയ്യുറയും മാസ്‌കും ധരിച്ചിരിക്കണം. സംഘര്‍ഷം ഒഴിവാക്കുന്നതിനായി രാഷ്ട്രീയ പാര്‍ട്ടികളുടെ ബൂത്തിന് മുന്നിലുള്ള ആള്‍ക്കൂട്ടം ഒഴിവാക്കേണ്ടതാണ്. മറ്റ് നിയോജക മണ്ഡലങ്ങളില്‍ നിന്ന് പ്രചാരണത്തിനെത്തിയവര്‍ മടങ്ങിപ്പോകേണ്ടതാണെന്നും തെരഞ്ഞെടുപ്പ് കമ്മിഷണര്‍ അറിയിച്ചു.