തിരുവനന്തപുരം: കൊവിഡ് ബാധിത രാജ്യങ്ങളിൽ നിന്ന് പ്രവാസികള്‍ തിരിച്ചുവരുമ്പോള്‍ സംസ്ഥാനത്തെ നാല് എയര്‍പോര്‍ട്ടുകളിലും പരിശോധനയ്ക്ക് വിപുലമായ സജ്ജീകരണം ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിമാനത്താവളത്തിലെ പരിശോധനയില്‍ രോഗലക്ഷണമൊന്നുമില്ലെങ്കില്‍ 14 ദിവസം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണം. വീടുകളില്‍ അതിനുള്ള സൗകര്യമില്ലെങ്കില്‍ സര്‍ക്കാര്‍ നേരിട്ട് ഒരുക്കുന്ന നിരീക്ഷണ കേന്ദ്രത്തില്‍ കഴിയാമെന്നും വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസി പ്രതിനിധികളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിൽ മുഖ്യമന്ത്രി അറിയിച്ചു.
ഒട്ടെറെ പേര്‍ വിവിധ രാജ്യങ്ങളിൽ പ്രയാസം അനുഭവിക്കുന്നുണ്ട്. പ്രവാസികളെ നാട്ടില്‍ എത്തിക്കാനുള്ള നടപടികളുടെ ഭാഗമായി കേന്ദ്രസര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് ചില സൂചനകള്‍ കിട്ടിയിട്ടുണ്ട്. വലിയ കാലതാമസമില്ലാതെ യാത്രാസൗകര്യം ലഭ്യമാകുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇതിന് വിവിധ ഘട്ടങ്ങള്‍ ഉണ്ടാകും. നാട്ടിലെത്തുന്ന പ്രവാസിയെ സ്വീകരിക്കുന്ന രീതി പാടില്ല. സ്വന്തം വാഹനം വരികയാണെങ്കില്‍ ഡ്രൈവര്‍ മാത്രമേ പാടുള്ളൂ. വീട്ടിലേക്ക് പോകുന്ന പ്രവാസി നേരെ വീട്ടിലേക്കായിരിക്കണം പോകേണ്ടത്. ബന്ധുക്കള്‍, സുഹൃത്തുക്കള്‍ എന്നിവരെ അതിനിടയില്‍ സന്ദര്‍ശിക്കരുത്. രോഗലക്ഷണത്തോടെ നിരീക്ഷണകേന്ദ്രത്തിലേക്ക് പോകേണ്ടിവരുന്നവരെ കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കും. അത്തരക്കാരെ കോവിഡ് ആശുപത്രിയില്‍ പ്രവേശിപ്പിക്കും.
ലേബര്‍ ക്യാമ്പില്‍ ജോലിയും വരുമാനവുമില്ലാതെ കഴിയുന്ന സാധാരണ തൊഴിലാളികള്‍, വിസിറ്റിങ് വിസ കാലാവധി കഴിഞ്ഞവര്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, മറ്റു രോഗമുള്ളവര്‍, വിസാ കാലാവധി പൂര്‍ത്തിയാക്കപ്പെട്ടവര്‍, കോഴ്സ് പൂര്‍ത്തിയാക്കി സ്റ്റുഡന്‍റ് വിസയില്‍ കഴിയുന്ന വിദ്യാര്‍ത്ഥികള്‍, ജയില്‍ മോചിതരായവര്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കും. എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം നിര്‍ണായകമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എം.എ. യൂസഫലി, രവി പിള്ള, ഡോ. ആസാദ് മൂപ്പന്‍ തുടങ്ങി നിരവധി പ്രമുഖർ വീഡിയോ കോണ്‍ഫറന്‍സിൽ പങ്കെടുത്തു.