തിരുവനന്തപുരം: കേരളത്തില്‍ ബലിപെരുന്നാള്‍ ജൂണ്‍ 29 ന് (വ്യാഴാഴ്‌ച) ആയിരിക്കുമെന്ന് പാളയം ഇമാം ഡോ വി.പി സുഹൈബ് മൗലവി. ഞായറാഴ്‌ച മാസപ്പിറവി ദൃശ്യമാകാത്തതിനെ തുടര്‍ന്ന് ഇത്തവണ ദുല്‍ഖഅദ് 30 പൂര്‍ത്തിയാക്കി തിങ്കളാഴ്‌ച ദുല്‍ഹജ്ജ് ഒന്നും ജൂണ്‍ 29 വ്യാഴാഴ്‌ച ബലി പെരുന്നാളുമായിരിക്കുമെന്ന് പാളയം ഇമാം ഡോ വി.പി സുഹൈബ് മൗലവിയും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജന.സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയും വാർത്താക്കുറിപ്പിൽ അറിയിച്ചു.
ത്യാഗത്തിന്‍റെയും സഹനത്തിന്‍റെയും മഹത്വം വിളിച്ചോതുന്ന ആഘോഷമാണ് ഇസ്‌ലാം മത വിശ്വാസികള്‍ക്ക് ബലിപെരുന്നാള്‍ അല്ലെങ്കില്‍ ബക്രീദ്. ഈദുല്‍ അദ്‌ഹയെന്ന് അറബി പേരില്‍ അറിയപ്പെടുന്ന ഈ ആഘോഷം ഇസ്‌ലാം മത വിശ്വാസികളുടെ രണ്ട് ആഘോഷങ്ങളില്‍ ഒന്നാണ്. ദുല്‍ഹജ്ജ് മാസത്തിലെ പത്താം ദിനത്തിലാണ് ബലിപെരുന്നാള്‍ ആഘോഷം.
ബലിപെരുന്നാള്‍ ചരിത്രം എന്താണ്: ഏറെ നാള്‍ മക്കളില്ലാതെ ജീവിച്ച ഇബ്രാഹീം നബിക്ക് വാര്‍ധക്യം അടുക്കുമ്പോഴാണ് ഒരു ആണ്‍കുഞ്ഞ് പിറന്നത്. സ്വപ്‌നത്തിലൂടെ അല്ലാഹു ഇബ്രാഹിമിനോട് തന്‍റെ ഏക പുത്രന്‍ ഇസ്‌മായിലിനെ ബലിയറുക്കണമെന്ന് ആവശ്യപ്പെട്ടു. ദൈവ വിശ്വാസിയായ ഇബ്രാഹീം തന്‍റെ നാഥന്‍റെ കല്‍പന സ്വീകരിക്കുകയും തന്‍റെ പുത്രനെ ബലിയര്‍പ്പിക്കാന്‍ തീരുമാനിക്കുകയും ചെയ്‌തു.
രാവിലെ മകനെ അണിയിച്ചൊരുക്കി വീട്ടില്‍ നിന്നകലെയുള്ള ആളൊഴിഞ്ഞ സ്ഥലത്തെത്തി. മകന്‍റെ കാലുകള്‍ കൂട്ടിക്കെട്ടി കഴുത്തില്‍ കത്തി വയ്‌ക്കുമ്പോഴേക്കും ജിബ്‌രീലെന്ന മലാഖ പ്രത്യക്ഷപ്പെട്ടു. കൈയില്‍ ഒരു ആടിനെയും പിടിച്ചാണ് മാലാഖ എത്തിയത്. ദൈവ പ്രീതി നേടാനായി മകനെ ബലിയറുക്കാന്‍ തയ്യാറായ ഇബ്രാഹീമിന് ജിബ്‌രീല്‍ ആടിനെ നല്‍കി.
മകന് പകരം ആടിനെ ബലിയറുക്കാന്‍ നിര്‍ദേശിക്കുകയും ചെയ്‌ത് ജിബ്‌രീല്‍ അപ്രത്യക്ഷമാകുകയും ചെയ്‌തു. ഇതിന്‍റെ സ്‌മരണയ്‌ക്കായാണ് എല്ലാ വര്‍ഷവും ഈ മാസം ബലിപെരുന്നാളായി ഇസ്‌ലാം മത വിശ്വാസികള്‍ ആഘോഷിക്കുന്നത്. രാവിലെ പുതുവസ്‌ത്രങ്ങളണിഞ്ഞ് പള്ളിയിലെത്തി പെരുന്നാള്‍ നമസ്‌കരിക്കും. തുടര്‍ന്ന് പരസ്‌പരം പെരുന്നാള്‍ ആശംസകള്‍ കൈമാറുന്ന വിശ്വാസികള്‍ ആടുമാടുകളെ ബലിയറുക്കും.
ഇതിന്‍റെയെല്ലാം മാംസം ബന്ധുക്കള്‍ക്കും നിര്‍ദനരായവര്‍ക്കും വിതരണം ചെയ്യും. കുടുംബത്തിനൊപ്പം പെരുന്നാള്‍ ആഘോഷിക്കുന്ന മുസ്‌ലിം സമുദായം അടുത്ത ബന്ധുക്കളുടെ വീടുകളെല്ലാം സന്ദര്‍ശിക്കുകയും ചെയ്യും.
സൗദിയിലും ഒമാനിലും ബലിപെരുന്നാള്‍ ജൂണ്‍ 28ന്: സൗദിയില്‍ ദുല്‍ഹിജ്ജ മാസപിറവി ദൃശ്യമായി. ഇതിന്‍റെ അടിസ്ഥാനത്തില്‍ ജൂണ്‍ 27ന് അറഫ ദിനവും ജൂണ്‍ 28ന് ബലിപെരുന്നാളുമാകും. ഒമാനിലും ജൂണ്‍ 28നാണ് ബലിപെരുന്നാളെന്ന് ഒമാന്‍ മതകാര്യ മന്ത്രാലയം അറിയിച്ചു. ഇത്തവണ ജൂണ്‍ 26ന് ഹാജിമാര്‍ മിനായില്‍ എത്തുന്നതോടെ വിശുദ്ധ ഹജ്ജിന് തുടക്കമാകും.