മലപ്പുറം: ഇസ്‌ലാം മതവിശ്വാസികള്‍ ഇന്ന് ഈദുല്‍ അദ്ഹ ആഘോഷിക്കുന്നു. ഉത്തരേന്ത്യയിലെ ചില സംസ്ഥാനങ്ങള്‍ ഒഴികെ ഇന്ത്യയില്‍ എല്ലായിടത്തും ഗള്‍ഫിലും ഇന്നാണ് ബലിപെരുന്നാള്‍. കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുക്കൊണ്ട് ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.
ചരിത്രത്തിലാദ്യമായി വിശ്വാസികള്‍ ഇക്കഴിഞ്ഞ ഈദുല്‍ ഫിത്വറിന് ഈദുഗാഹുകളും (ഈദ് നമസ്കാരം നടക്കുന്ന മൈതാനം) മസ്ജിദുകളും ഉപേക്ഷിച്ച് വീടുകളില്‍ പെരുന്നാള്‍ നമസ്കാരം നിര്‍വഹിച്ചിരുന്നു.
വലിയ പള്ളികളില്‍ നൂറ് പേര്‍ക്കും ചെറിയ പള്ളികളില്‍ അതിന് താഴെയുമാണ് അനുമതി. പല പള്ളിജമാഅത്തുകളും ഒരു കുടുംബത്തില്‍ നിന്ന് ഒന്നോ രണ്ടോ പേര്‍ക്ക് മാത്രം അനുമതി നല്‍കുന്ന ടോക്കന്‍ സംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നേരത്തെ നല്‍കിയിരുന്ന ടോക്കണുമായി വരുന്നവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. മസ്ജിദുകളില്‍ എത്തുന്നവരുടെ പേരും ഫോണ്‍ നമ്പരും സൂക്ഷിക്കും. 65 വയസിന് മുകളിലുള്ളവരെയും 10 വയസിന് താഴെയുള്ളവരെയും പൂര്‍ണമായും വിലക്കിയിട്ടുണ്ട്. പെരുന്നാള്‍ നമസ്കാര ശേഷമുള്ള ആശ്ലേഷിക്കല്‍ സുപ്രാധന ചടങ്ങാണ്. എന്നാല്‍ ഇക്കുറി അത് കര്‍ശനമായി വിലക്കിയിട്ടുണ്ട്. കൈകൊടുക്കലും കൊവിഡ് പശ്ചാത്തലത്തില്‍ അനുവദിനീയമല്ല. ആരാധാനലയങ്ങളില്‍ എത്തുന്നവര്‍ തമ്മില്‍ 6 അടി അകലം പാലിക്കണമെന്നാണ് നിര്‍ദേശം. പള്ളികളില്‍ പ്രവേശിക്കുന്ന എല്ലാവരും സാനിറ്റൈസര്‍ ഉപയോഗിച്ച് അണുനശീകരണം വരുത്തണം. വുദുഅ് (അംഗശുദ്ധി) വരുത്താന്‍ പള്ളികളിലെ പൊതുടാപ്പ് അനുവദിക്കില്ല. ബലിപെരുന്നാളിനോട് അനുബന്ധിച്ചുള്ള ബലിയറക്കല്‍ ചടങ്ങിനും കര്‍ശന നിയന്ത്രണമുണ്ട്. 5 കൂടുതല്‍ പേര്‍ക്ക് ബലി സ്ഥലത്ത് പ്രവേശനമില്ല. മൃഗബലിയില്‍ പങ്കെടുക്കുന്നവര്‍ കര്‍ശനമായും മാസ്ക് ഉപയോഗിക്കണം.
സംസ്ഥാനത്തെങ്ങും കൊവിഡ് ഭീതി ആശങ്കയോടെ തുടരുന്നതിനാല്‍ പൊതുവേയുണ്ടാകാറുള്ള പെരുന്നാള്‍ വിപണി സംസ്ഥാനത്ത് സജീവമായിരുന്നില്ല. പെരുന്നാള്‍ ദിനത്തില്‍ പുതുവസ്ത്രമണിഞ്ഞ് സുഗന്ധം പൂശി ഈദ്ഗാഹിലേക്ക് പോവുകയെന്നതാണ് പ്രവാചക ചര്യ. അതുക്കൊണ്ട് തന്നെ വസ്ത്രശാലകളിലും അനുബന്ധ കടകളിലും പെരുന്നാള്‍ ദിനത്തില്‍ വന്‍തിരക്കാണ് അനുഭവപ്പെടാറുള്ളത്. പെരുന്നാള്‍ പ്രമാണിച്ച് ചിലയിടങ്ങളില്‍ ഇളവ് അനുവദിച്ചിരുന്നെങ്കിലും ജനങ്ങള്‍ പൊതുവെ പുറത്തിറങ്ങാന്‍ മടിച്ചിരുന്നു.
ഇസ്‌ലാമില്‍ രണ്ട് ആഘോഷങ്ങളാണുള്ളത്. ഒന്ന് ഈദുല്‍ ഫിത്വര്‍ (ചെറിയ പെരുന്നാള്‍) രണ്ടാമത്തേത് ഈദുല്‍ അദ്ഹ (ബലി പെരുന്നാള്‍/വലിയ പെരുന്നാള്‍). പ്രവാചകനായ ഇബ്രാഹിം തന്‍റെ പുത്രനായ ഇസ്മായിലിനെ ദൈവത്തിന് ബലി നല്‍കാന്‍ സന്നദ്ധനായതിന്‍റെ സ്മരണ പുതുക്കിയാണ് ബലി പെരുന്നാള്‍ ആഘോഷിക്കുന്നത്. അറബി മാസത്തിലെ ദുല്‍ഹിജ്ജ മാസത്തിലെ പത്താം തിയതിയാണ് ബലിപെരുന്നാള്‍. ഹജ്ജിനോട് അനുബന്ധിച്ച് നടക്കുന്ന ആഘോഷമായതിനാല്‍ ഹജ്ജ് പെരുന്നാള്‍ എന്നും ഇതറിയപ്പെടാറുണ്ട്. ത്യാഗത്തിന്‍റെയും ആത്മസമര്‍പ്പണത്തിന്‍റെയും സ്മരണ പുതുക്കിയുള്ള ആഘോഷമാണ് ബലിപെരുന്നാള്‍.
ഇബ്രാഹിം പ്രവാചകന് ഏറെ പ്രാര്‍ഥനകള്‍ക്ക് ശേഷം ജനിച്ച പുത്രനാണ് ഇസ്മായില്‍. ഒരു പുത്രന്‍ ജനിച്ചാല്‍ ദൈവമെ നിനക്ക് വേണ്ടി ഞാന്‍ അവനെ ബലി പോലും അര്‍പ്പിക്കാം എന്ന് ഇബ്രാഹിം ഒരിക്കല്‍ പറഞ്ഞു. ഒടുവില്‍ ഇബ്രാഹിമിന് പുത്രന്‍ ജനിച്ചപ്പോള്‍ ഇബ്രാഹിം എത്രത്തോളം വാക്കു പാലിക്കുന്നുവെന്ന് ജനങ്ങള്‍ക്ക് മനസിലാക്കി കൊടുക്കാന്‍ ദൈവം ഇബ്രാഹിമിനോട് പുത്രനെ ബലിയര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. അതിന് സന്നദ്ധനായി മകനെ ബലിയറക്കാന്‍ തയ്യാറെടുക്കവെ മാലാഖയെത്തി ഇബ്രാഹിം താങ്കള്‍ പ്രതിജ്ഞ നിര്‍വഹിച്ചിരിക്കുന്നു, മകന് പകരമായി മൃഗത്തെ ബലിയറുത്താല്‍ മതിയെന്ന ദൈവ കല്‍പന അറിയിച്ചു എന്നാണ് വിശ്വാസം.