തിരുവനന്തപുരം: വടക്കഞ്ചേരിയിൽ കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് 9 പേർ മരിച്ച സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പിന്‍റെ നേതൃത്വത്തിൽ അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പൊതുവിദ്യാഭ്യാസ ഡയറക്‌ടർ കെ ജീവൻബാബു ഐഎഎസ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുമെന്നും മന്ത്രി പറഞ്ഞു. വിനോദസഞ്ചാര യാത്ര പോകുമ്പോൾ പാലിക്കേണ്ട മാർഗനിർദേശങ്ങൾ സ്‌കൂൾ അധികൃതർ പാലിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കും.
എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതന്‍ സ്‌കൂൾ പ്രിൻസിപ്പാളുമായി ബന്ധപ്പെട്ടു. സർക്കാരിന്‍റെ ഭാഗത്ത് നിന്ന് വേണ്ട എല്ലാ സഹായങ്ങളും നൽകാൻ നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു. വ്യാഴാഴ്‌ച (ഒക്‌ടോബർ 06) പുലർച്ചെ 12 മണിയോടെയാണ് വടക്കാഞ്ചേരി ദേശീയപാതയിൽ നാടിനെ നടുക്കിയ അപകടമുണ്ടായത്.
എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതന്‍ സ്‌കൂളിൽ നിന്ന് വിനോദയാത്രയ്ക്ക് പോയ സംഘമാണ് അപകടത്തിൽപ്പെട്ടത്. കൊട്ടാരക്കര-കോയമ്പത്തൂർ സൂപ്പർഫാസ്റ്റ് ബസിലേക്ക് ടൂറിസ്റ്റ് ബസ് ഇടിച്ച് കയറിയാണ് അപകടമുണ്ടായത്. 41 വിദ്യാര്‍ഥികളും 5 അധ്യാപകരും രണ്ട് ബസ് ജീവനക്കാരുമടക്കം വിനോദയാത്ര സംഘം സഞ്ചരിച്ച ബസിലുണ്ടായിരുന്നത് 48 പേരാണ്. 26 ആൺകുട്ടികളും 16 പെൺകുട്ടികളുമാണ് ബസിൽ ഉണ്ടായിരുന്നത്. മരിച്ചവരിൽ അഞ്ച് പേർ വിദ്യാർഥികളും, 3 പേർ കെഎസ്ആര്‍ടിസി യാത്രക്കാരും, ഒരാൾ അധ്യാപകനുമാണ്.