തിരുവനന്തപുരം : പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ അധിക ബാച്ചുകൾക്ക് ശുപാർശ നൽകി വിദ്യാഭ്യാസ വകുപ്പ്. 97 അധിക ബാച്ചുകൾക്കാണ് മുഖ്യമന്ത്രി പിണറായി വിജയന് വിദ്യാഭ്യാസ വകുപ്പ് ശുപാർശ കൈമാറിയിരിക്കുന്നത്.
വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഇതിന്‍റെ കൂടി അടിസ്ഥാനത്തിലാണ് നടപടി. പ്രതിസന്ധി പരിഹരിക്കാൻ 5000 സീറ്റുകൾ കൂടി വേണമെന്ന വിലയിരുത്തലാണ് വിദ്യാഭ്യാസ വകുപ്പിനുള്ളത്.
വകുപ്പിന്‍റെ ശുപാർശയിൽ അടുത്ത മന്ത്രിസഭായോഗമാകും തീരുമാനമെടുക്കുക. ഏതൊക്കെ ജില്ലകളിലാണ് അധിക ബാച്ച് അനുവദിക്കുന്നത് എന്നത് സംബന്ധിച്ച് മന്ത്രിസഭയുടെ തീരുമാനത്തിന് ശേഷമേ വിവരം ലഭിക്കുകയുള്ളൂ. നിലവിൽ മലപ്പുറം ജില്ലയിലടക്കം പ്രതിസന്ധി രൂക്ഷമാണ്.
പ്ലസ് വൺ രണ്ടാം സപ്ലിമെന്‍ററി അലോട്ട്മെന്‍റ് കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. 6,791 പേർക്കാണ് രണ്ടാം സപ്ലിമെന്‍ററി അലോട്ട്മെൻ്റിൽ പ്രവേശനം ലഭിച്ചത്. 19,340 സീറ്റുകളിലേക്കാണ് രണ്ടാം സപ്ലിമെന്‍ററി അലോട്ട്മെൻ്റ് നടന്നത്.
ഇതിനായി 24,218 അപേക്ഷകൾ ലഭിച്ചിരുന്നു. എന്നാല്‍ 6,791 പേർ മാത്രമാണ് പ്രവേശനം നേടിയത്. 12,549 പ്ലസ് വൺ സീറ്റുകൾ ഇനിയും അവശേഷിക്കുന്നുണ്ട്.
സീറ്റ് ഒഴിവുള്ള സ്‌കൂളുകളിലേക്ക് അപേക്ഷകർ കുറവായതുകൊണ്ടാണ് ഇത്രയും സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നത്. മലപ്പുറം ജില്ലയിൽ 1,392 സീറ്റുകളിലേക്ക് 977 അപേക്ഷകളാണ് ലഭിച്ചത്. 1,369 പേർക്ക് പ്രവേശനം ലഭിക്കുകയും ചെയ്‌തു. 23 സീറ്റുകൾ മാത്രമാണ് മലപ്പുറത്ത് ഒഴിവുള്ളത്.
കോഴിക്കോട് 3,206 അപേക്ഷകരിൽ 989 പേർക്കും പാലക്കാട് 3,908 അപേക്ഷകരിൽ 820 പേർക്ക് മാത്രമാണ് പ്രവേശനം ലഭിച്ചത്. മലപ്പുറം ജില്ലയിലാണ് ഏറ്റവും അധികം പ്രതിസന്ധി നിലനിൽക്കുന്നത്. അധിക ബാച്ചുകൾ അനുവദിക്കുമ്പോൾ മലപ്പുറം ജില്ലയെ പ്രത്യേകമായി പരിഗണിക്കും എന്നാണ് സൂചന.
മലബാര്‍ എജ്യുക്കേഷനല്‍ മൂവ്മെന്‍റിന്‍റെ കണക്കുകൾ : മലബാറിലെ 29,000-ത്തിനടുത്ത് കുട്ടികൾ പ്രവേശനം കാത്തിരിക്കുന്നവരാണെന്നും അതിൽ പകുതിയോളം പേരും മലപ്പുറം ജില്ലയിൽ നിന്നുള്ളവരുമാണെന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങൾ മുൻപ് കണക്കുകൾ പുറത്തുവന്നിരുന്നു. മലബാര്‍ എജ്യുക്കേഷണല്‍ മൂവ്മെന്‍റ് എന്ന സംഘടനയാണ് കണക്കുകൾ തയ്യാറാക്കിയത്.
സപ്ലിമെന്‍ററി അലോട്ട്മെന്‍റില്‍ കാസര്‍കോട് മുതല്‍ തൃശ്ശൂര്‍ വരെയുള്ള ജില്ലകളില്‍ നിന്നും 50,398 അപേക്ഷകള്‍ ലഭിച്ചിരുന്നു. എന്നാൽ, 21,762 കുട്ടികളാണ് പ്രവേശനം നേടിയത്. ഇതിൽ മലബാറിൽ മാത്രം 28,636 കുട്ടികള്‍ക്ക് പ്രവേശനം നേടാൻ കഴിഞ്ഞിട്ടില്ല. മലപ്പുറം ജില്ലയിലെ 13,654 കുട്ടികൾ സീറ്റിനായി കാത്തുനിൽക്കുകയാണെന്നും കണക്കുകളിൽ ചൂണ്ടിക്കാട്ടിയിരുന്നു.
മാനേജ്മെന്‍റ്, അണ്‍ എയ്‌ഡഡ് സ്‌കൂളുകളിലാണ് സീറ്റ് ഒഴിവുള്ളതെന്നും മലപ്പുറത്ത് ഈ രണ്ട് മേഖലകളിലുമായി 13,000ത്തോളം സീറ്റ് ഒഴിവുണ്ടെങ്കിലും അവിടെ വന്‍ തുക മുടക്കി വേണം പഠനം നടത്താനെന്നും കണക്കിൽ സൂചിപ്പിക്കുന്നു. പ്രവേശനം ലഭിക്കാത്തവര്‍ക്ക് അവസാന ആശ്രയം ഓപ്പണ്‍ സ്‌കൂള്‍ സംവിധാനമാണ്. കഴിഞ്ഞ വര്‍ഷം മാത്രം മലബാറില്‍ നിന്നും 38,726 പേരാണ് ഓപ്പണ്‍ സ്‌കൂളില്‍ അഡ്‌മിഷൻ നേടിയത്. ഇതില്‍ 16,000ത്തോളം പേര്‍ മലപ്പുറത്ത് നിന്നുള്ളവരായിരുന്നുവെന്നും എജ്യുക്കേഷണല്‍ മൂവ്മെൻ്റിൻ്റെ കണക്കിൽ വ്യക്തമാക്കി.
More read : Plus one Seat | മലബാറില്‍ പ്ലസ് വൺ സീറ്റ് പ്രതിസന്ധി; പ്രവേശനം കാത്തിരിക്കുന്നത് നിരവധി കുട്ടികൾ
എല്ലാ വിദ്യാർഥികൾക്കും പ്രവേശനം ഉറപ്പാക്കുമെന്ന് മന്ത്രി : പ്ലസ് വൺ പ്രവേശന പ്രതിസന്ധിയിൽ മലപ്പുറം ജില്ലക്ക് വിദ്യാഭ്യാസ മന്ത്രി പ്രത്യേക പരിഗണന നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. 14 അധിക ബാച്ചുകൾ മലപ്പുറത്തിനായി അനുവദിക്കുകയും ചെയ്‌തു. മാർജിനൽ സീറ്റ് വർധനവിന് പുറമേ 81 താൽക്കാലിക ബാച്ചുകളും ഉൾപ്പെടുത്തി. അലോട്ട്‌മെന്‍റിലെ സ്ഥിതി പരിശോധിച്ച് ആവശ്യമുള്ള അധിക ബാച്ചുകൾ ഇനിയും അനുവദിക്കുമെന്നും ഈ വർഷം എസ്എസ്എൽസി പാസായ എല്ലാ വിദ്യാർഥികൾക്കും പ്രവേശനം ഉറപ്പാക്കുമെന്നും മന്ത്രി വി ശിവൻകുട്ടി ഉറപ്പ് നകിയിരുന്നു.