തിരുവനന്തപുരം: പെൺകുട്ടികള്‍ പഠിക്കുന്ന സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും തദ്ദേശസ്ഥാപനങ്ങളുമായി ചേർന്ന് നാപ്‌കിൻ വെൻഡിങ് മെഷീൻ നിർബന്ധമായും സ്ഥാപിക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ ഉത്തരവ്. പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ മാലിന്യ മുക്ത കേരളം പദ്ധതിയുടെ ഭാഗമായാണ് നിർദേശം. നാപ്‌കിൻ വെൻഡിങ് മെഷീനോടൊപ്പം അവ സംസ്‌കരിക്കാനുള്ള സംവിധാനവും ഉറപ്പുവരുത്തേണ്ടതുണ്ട്.
മാലിന്യമുക്ത കേരള പദ്ധതിയുടെ ഭാഗമായി എല്ലാ സ്‌കൂളുകളിലും ശാസ്ത്രീയ മാലിന്യ സംസ്‌കരണ സംവിധാനം ഉറപ്പുവരുത്തണമെന്നും സ്‌കൂളുകളിൽ സീറോ വേസ്‌റ്റ് ക്യാമ്പസാക്കി പദ്ധതിയുടെ ഒന്നാം ഘട്ടമായി ജൂൺ അഞ്ചിന് മുമ്പ് പ്രഖ്യാപിക്കണമെന്നും ഉത്തരവിലുണ്ട്. പദ്ധതിയുടെ ഭാഗമായി സ്‌കൂളുകളിൽ നടത്തുന്ന യോഗങ്ങളിൽ പ്ലാസ്‌റ്റിക് കുപ്പികൾ, പ്ലാസ്‌റ്റിക് ക്യാരിബാഗുകൾ, പ്ലാസ്‌റ്റിക് കോട്ടിങ് ഉള്ള കുപ്പികൾ, എന്നിവ ഒഴിവാക്കി പകരം സ്‌റ്റീൽ കപ്പ് ,കുപ്പി ഗ്ലാസ് എന്നിവ ഉപയോഗിക്കണമെന്നും നിർദേശമുണ്ട്. മാത്രമല്ല സ്‌കൂളിലെ പരിപാടികൾ ഹരിത പെരുമാറ്റ ചട്ടം പാലിച്ചു നടത്തണമെന്നും ഉത്തരവിൽ പറയുന്നു.
വിദ്യാർഥികളിൽ മാലിന്യ സംസ്‌കരണത്തെ കുറിച്ച് അവബോധം സൃഷ്‌ടിക്കുന്നതിന് കൂടിയാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ മാലിന്യമുക്ത കേരളം പദ്ധതി. വിദ്യാർഥികൾ, പിടിഎ സ്‌കൂൾ മാനേജ്മെന്‍റ് കമ്മിറ്റി, സ്‌കൂളിലെ വിവിധ ക്ലബ്ബുകൾ എന്നിവയുടെ സംയുക്ത പ്രവർത്തനത്തിലൂടെ സ്‌കൂളിന്‍റെ സമീപപ്രദേശത്ത് ശാസ്ത്രീയമായ മാലിന്യ സംസ്‌കരണം ഉറപ്പാക്കാനുള്ള ജനകീയ പരിപാടികൾ സംഘടിപ്പിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
ഈ വരുന്ന ജൂൺ ഒന്നിനാണ് വേനലവധി കഴിഞ്ഞ് കേരളത്തിൽ സ്‌കൂളുകൾ തുറക്കുന്നത്. പുതിയ അധ്യായന വർഷത്തിൽ വിദ്യാർഥികൾക്കുള്ള പദ്ധതികളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ മാലിന്യമുക്ത കേരളം പദ്ധതി. പദ്ധതിയുടെ ആദ്യഘട്ടം മെയ് 21 മുതൽ മെയ് 31 വരെയാണ്. അടിയന്തര ഘട്ടം കഴിഞ്ഞ് സ്‌കൂളുകൾ ജൂൺ ഒന്നിന് തന്നെ തുറന്നു പ്രവർത്തിക്കും. പ്രവേശനോത്സവത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി തിരുവനന്തപുരത്ത് നിർവഹിക്കും. മുൻ വർഷങ്ങളിലേതു പോലെ പൊതുവിദ്യാലയങ്ങളിലേക്ക് കൂടുതൽ വിദ്യാർഥികൾ വരും എന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ കണക്കുകൂട്ടൽ.
എസ്‌എസ്‌എല്‍സി ഫലം: ഇത്തവണത്തെ എസ്എസ്എൽസി പരീക്ഷ ഫലം ഈ മാസം 20ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി മുമ്പ് അറിയിച്ചിരുന്നു. 25 ന് ഹയര്‍ സെക്കന്‍ഡറി പരീക്ഷ ഫലവും പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ഇക്കുറി എസ്എസ്എൽസി പരീക്ഷ എഴുതിയത് 5,42,960 വിദ്യാര്‍ഥികളും, ഹയർസെക്കന്‍ഡറി പരീക്ഷയും എഴുതിയത് 4,42,067 വിദ്യാര്‍ഥികളുമാണ്.
എസ്എസ്എൽസി പരീക്ഷ മൂല്യനിർണയത്തിൽ 3006 അധ്യാപകർ വിട്ടുനിന്നതായും മന്ത്രി അറിയിച്ചിരുന്നു. മതിയായ രേഖകൾ നൽകാതെ വിട്ടുനിന്നതിനാൽ അധ്യാപകർക്കെതിരെ നോട്ടിസ് അയച്ചിട്ടുണ്ടെന്നും അച്ചടക്കമാണ് പ്രധാനമെന്നും അദ്ദേഹം അറിയിച്ചിരുന്നു. അധ്യാപകരുടെ മറുപടി ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്‌കൂളുകളിലെ ലഹരി ഉപയോഗം നിയന്ത്രിക്കുമെന്നും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോക്‌ടർ വന്ദന ദാസിനെ കൊലപ്പെടുത്തിയ പ്രതി സന്ദീപിനെ പോലുള്ള അധ്യാപകർ വേറെ ഉണ്ടോയെന്ന് അന്വേഷിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തിരുന്നു.