എറണാകുളം: വിവാദ വ്യവസായി ഫാരിസ് അബൂബക്കറിനെതിരെ എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് അന്വേഷണം തുടങ്ങുന്നു. ഫാരിസ് അബൂബക്കറിൻ്റെ ഓഫീസുകളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് റെയ്‌ഡ് നടത്തിയതിന് പിന്നാലെയാണ് ഇഡിയും പ്രാഥമിക പരിശോധന തുടങ്ങിയത്. ഫാരിസിന്‍റെ ഭൂമിയിടപാടുകളുടെ മറവിൽ കള്ളപ്പണ ഇടപാട് നടന്നോയെന്നാണ് ഇഡി പരിശോധിക്കുന്നത്.
ഫാരിസിന്‍റെ ഉടമസ്ഥതയിലുള്ള കമ്പനികൾ ഇടനിലക്കാർ വഴി കൊച്ചിയിലടക്കം പലയിടത്തും ലാൻഡ് ബാങ്ക് സ്വന്തമാക്കിയെന്നാണ് ആദായ നികുതി വകുപ്പ് സംശയിക്കുന്നത്. പല ഭൂമി ഇടപാടുകളും നടന്നത് വിദേശ രാജ്യങ്ങളിലാണ്. ഇതിന്‍റെ മറവിൽ വലിയ തോതിൽ കള്ളപ്പണ ഇടപാടുകൾ നടന്നതായും ഇഡി സംശയിക്കുന്നു. ഈയൊരു സാഹചര്യത്തിൽ ഫാരിസ് അബൂബക്കറിന്‍റെയും അടുത്ത ബന്ധുക്കളുടേയും സാമ്പത്തിക ഇടപാടുകളെ കുറിച്ചും ഇഡി പരിശോധിക്കും.
ആദായ നികുതി വകുപ്പ് പരിശോധന: ഫാരിസ് അബൂബക്കറിന്‍റെ വീട്ടിലും ഓഫീസുകളിലും ആദായ നികുതി വകുപ്പ് തിങ്കളാഴ്‌ച തുടങ്ങിയ പരിശോധന ഇന്നും തുടരുകയാണ്. ചെന്നൈയിൽ നിന്നുള്ള ആദായനികുതി വകുപ്പ് ഇൻവെസ്റ്റിഗേഷൻ വിഭാഗമാണ് പരിശോധന നടത്തുന്നത്. ഫാരിസ് അബൂബക്കറിന്‍റെ കൊയിലാണ്ടി നന്ദി ബസാറിലെ വീട്ടിലും രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലുള്ള ഓഫിസുകളിലും പരിശോധന തുടരുകയാണ്.
തൃശൂർ, കൊച്ചി, ചെന്നൈ, മുംബൈ, ഡൽഹി എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിസം റെയ്‌ഡ് നടന്നത്. പ്രത്യേക സംഘം വിവിധ സംഘങ്ങളായി തിരിഞ്ഞ് ഒരേ സമയമായിരുന്നു പരിശോധന. ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട നികുതി വെട്ടിപ്പ് സംബന്ധിച്ചായിരുന്നു ആദായ നികുതി വകുപ്പിന്‍റെ അന്വേഷണം.
എന്നാൽ എൻഫോഴ്സ്മെന്‍റ് പരിശോധിക്കുന്നത് കള്ളപ്പണ ഇടപാടുകളെ കുറിച്ചാണ്. ഫാരിസ് അബൂബക്കർ ബിനാമികളെ ഉപയോഗിച്ച് ഭൂമി വാങ്ങിയെന്ന് സംശയിക്കുന്നതിനാൽ അത്തരം ഇടപാടുകളിൽ ഉൾപ്പെടുന്നവരെയും ഇഡി ചോദ്യം ചെയ്യും. കൊച്ചിയിൽ എടവനക്കാട്, മുളവുകാട് പ്രദേശങ്ങളിൽ ഇത്തരത്തിൽ ഭൂമി വാങ്ങി കുട്ടിയെന്നാണ് ആരോപണം ഉയരുന്നത്.
രേഖകൾ കണ്ടെത്തി അന്വേഷണ സംഘം: റെയ്‌ഡിൽ മുളവുകാടുള്ള ഫാരിസിന്‍റെ കമ്പനിക്കായി 15 ഏക്കറിലധികം കണ്ടല്‍ക്കാടുകളും പൊക്കാളിപ്പാടവും നികത്തിയിട്ടുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ സംഘം കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല ഈ കമ്പനിയിലേക്ക് റോഡ് സൗകര്യം ലഭിക്കാനായി റോഡിന്‍റെ ദിശമാറ്റിയത് ദേശീയപാത അതോറിറ്റിക്ക് അധികച്ചെലവുണ്ടാക്കിയെന്നും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.
സിപിഎം ബന്ധം: മുൻപ് സിപിഎമ്മുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പലവട്ടം ഫാരിസ് അബൂബക്കറിന്‍റെ പേര് ഉയര്‍ന്ന് വന്നിട്ടുണ്ട്. പാര്‍ട്ടിയിലെ വിഭാഗീയത കാലത്ത് വി എസ് അച്യുതാനന്ദന്‍ പിണറായി വിജയനും മറ്റ് നേതാക്കള്‍ക്കുമെതിരെ ഫാരിസ് അബൂബക്കറുമായുള്ള ബന്ധം ആരോപിച്ച് വിമര്‍ശനം ഉന്നയിച്ചിട്ടുണ്ടായിരുന്നു.
അതേസമയം ഫാരിസ് അബൂബക്കറിന്‍റെ പതിനേഴംഗ സംഘമാണ് ഇപ്പോള്‍ കേരളത്തില്‍ ഭരണം നടത്തുന്നതെന്ന് ആരോപിച്ച് പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പിസി ജോര്‍ജും രംഗത്തെത്തി. ഫാരിസിന്‍റെ കച്ചവടത്തിന് സംരക്ഷണം നല്‍കുന്നത് പിണറായിയാണെന്നും ഇപ്പോൾ നടക്കുന്ന റെയ്‌ഡ് സർക്കാരിൽ വന്ന് നിൽക്കുമെന്നും പി സി ജോർജ് പറഞ്ഞു.
ഫാരിസ് അബൂബക്കറിന്‍റെ നേതൃത്വത്തിൽ 17 അംഗങ്ങളുള്ള ടീമാണ് കേരളം ഭരിക്കുന്നത്. മന്ത്രി മുഹമ്മദ് റിയാസിന്‍റെ ബന്ധുവായതിനാൽ ഫാരിസ് അബൂബക്കറിനെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്നും പിസി ജോർജ് ആരോപിച്ചിരുന്നു.
ALSO READ: 'കേരളം ഭരിക്കുന്നത് ഫാരിസ് അബൂബക്കറിന്‍റെ സംഘം, കച്ചവടം സംരക്ഷിക്കുന്നത് പിണറായിയും': പിസി ജോര്‍ജ്