തിരുവനന്തപുരം: കിഫ്ബിക്കെതിരായ ഇ.ഡി അന്വേഷണം തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. വികസന പദ്ധതികള്‍ അട്ടിമറിക്കാന്‍ ലക്ഷ്യം വച്ചുകൊണ്ടുള്ള ബിജെപിയുടെ നീക്കമാണിതെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ആരോപിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷം കേന്ദ്രസര്‍ക്കാര്‍ ഏജൻസിയായ ഇ.ഡിയുടെ ഇടപെടല്‍ തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണ്. ഇ.ഡിയെ നിയന്ത്രിക്കുന്ന കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമന്‍ കഴിഞ്ഞ ദിവസം കിഫ്ബിക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ചതിന്‍റെ തുടര്‍ച്ചയാണ് തിടുക്കത്തിലുള്ള അന്വേഷണമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് കൂട്ടിച്ചേർത്തു.
കേന്ദ്ര ധനമന്ത്രിയുടെ നടപടി അധികാര ദുര്‍വിനിയോഗം വഴി തെരഞ്ഞെടുപ്പ് പ്രക്രിയയെ സ്വാധീനിക്കാന്‍ ലക്ഷ്യം വച്ചുള്ളതാണ്. എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ വികസന നേട്ടങ്ങള്‍ക്കൊപ്പം ജനങ്ങള്‍ കക്ഷി രാഷ്ട്രീയത്തിനതീതമായി നിലയുറപ്പിച്ചത് യുഡിഎഫിനെയും ബിജെപിയെയും അസ്വസ്ഥമാക്കുകയാണ്. അതിനാലാണ് ഇവര്‍ കിഫ്ബിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നത്. ഇത് കേരള ജനതയോടുള്ള യുദ്ധ പ്രഖ്യാപനമാണെന്നും സെക്രട്ടറിയറ്റ് വ്യക്തമാക്കി.
തദ്ദേശ ഭരണ തെരഞ്ഞെടുപ്പിനു മുമ്പ് എല്ലാ കേന്ദ്ര ഏജന്‍സികളെയും ഉപയോഗിച്ച് എല്‍ഡിഎഫിനെതിരെ നടത്തിയ നീക്കത്തിന് സംസ്ഥാന സര്‍ക്കാര്‍ ചുട്ട മറുപടി നല്‍കിയതാണ്. വീണ്ടും ജനങ്ങളുടെ ക്ഷമ പരീക്ഷിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. വികസനത്തെ അട്ടിമറിക്കാനുള്ള ബിജെപിയുടെ നീക്കങ്ങളെ യു.ഡി.എഫ് പിന്തുണയ്ക്കുകയാണ്. കേന്ദ്ര ഏജന്‍സികള്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ശക്തമായി നീങ്ങുന്നില്ലെന്ന രാഹുല്‍ഗാന്ധിയുടെ ആവലാതി കോണ്‍ഗ്രസ്-ബിജെപി കൂട്ടുകെട്ടിനു തെളിവാണെന്നും സെക്രടട്ടേറിയറ്റ് ആരോപിച്ചു.