തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന് അക്കൗണ്ടുള്ള തിരുവനന്തപുരത്തെ സ്വകാര്യ ബാങ്കില്‍ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് പരിശോധന നടത്തും. ഇതേ ബാങ്കിലുള്ള സ്വപ്‌നയുടെ ലോക്കര്‍ സംബന്ധിച്ച വിവരങ്ങളും ശേഖരിക്കും. സ്വപ്‌നക്ക് ബാങ്കില്‍ 38 കോടിയുടെ നിക്ഷേപമുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. യുഎഇ കോണ്‍സുലേറ്റിന്‍റെ ആറ് അക്കൗണ്ടുകളും ഇതേ ബാങ്കിലാണ്.
കോണ്‍സുലേറ്റിന്‍റെ ചെലവുകള്‍ക്ക് യുഎഇയില്‍ നിന്നും പണം എത്തുന്നതും ഇതേ അക്കൗണ്ടിലേക്കാണ്. കോണ്‍സുലേറ്റിന്‍റെ അക്കൗണ്ടില്‍ നിന്നും സ്വപ്‌നയുടെ അക്കൗണ്ടിലേക്ക് പണം മാറ്റിയതായും കണ്ടെത്തിയിട്ടുണ്ട്. ബാങ്ക് മാനേജരിൽ നിന്നും അക്കൗണ്ട് സംബന്ധിച്ച വിവരങ്ങൾ ഇഡി ശേഖരിച്ചിട്ടുണ്ട്. ഒരാൾക്ക് പണമായി പിൻവലിക്കാനാകുന്നതിലധികം തുക സ്വപ്ന ബാങ്കിൽ നിന്നും പിൻവലിച്ചതാണ് രേഖ. അക്കൗണ്ടുകൾ തുറക്കാൻ വ്യാജ രേഖകൾ ഉപയോഗിച്ചിട്ടുണ്ടോയെന്നും പരിശോധിക്കും. വിദേശ സഹായ നിയന്ത്രണ നിയമ ലംഘനത്തിൽ സിബിഐയും അക്കൗണ്ടുകൾ പരിശോധിച്ചേയ്ക്കും.