തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങി ഡി വൈ എഫ് ഐ. ജനുവരി ആറിന് ഒരു ലക്ഷം ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ തിരൂരിൽ നിന്ന് കോഴിക്കോട്ടേക്ക് കാൽനടയായി യൂത്ത് മാർച്ച് നടത്തുമെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം പറഞ്ഞു.
മാര്‍ച്ചിന്‍റെ സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഐതിഹാസികമായ സമരം നടക്കുമ്പോൾ അതിൽ പങ്കെടുക്കാതെ മാറി നിൽക്കുന്ന രാഹുൽ ഗാന്ധിയുടെ നടപടി സമര കാലത്തെ അശ്ലീല കാഴ്ചയാണെന്ന് അദ്ദേഹം പറഞ്ഞു. ഡി വൈ എഫ് ഐ പഠന ക്യാമ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തെ മുഴുവൻ കേന്ദ്രങ്ങളിലും ജനുവരി 4,5,6 തീയതികളില്‍ പ്രകടനം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. 11, 12 തീയതികളിൽ ഭവന സന്ദർശനവും 15, 16 തീയതികളിൽ ബസ് സ്റ്റാന്‍ഡുകളിലും റെയിൽവേ സ്റ്റേഷനുകളിലും ക്യാംപയിൻ സംഘടിപ്പിക്കും. റിപ്പബ്ലിക് ദിനമായ ജനുവരി 26 ന് 274l 8 യൂണിറ്റുകളിലും ഭരണഘടന വായിക്കും. ഗാന്ധിജിയുടെ രക്തസാക്ഷി ദിനമായ ജനുവരി 30 ന് 2307 കേന്ദ്രങ്ങളിൽ യുവജന റാലികളും സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.