തിരുവനന്തപുരം : സംസ്ഥാനത്തെ സർക്കാർ എയ്‌ഡഡ് കോളജുകളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ സർക്കുലറിൽ പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ (Dyfi against Kerala government). കോളേജ് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർക്കാർ/എയ്‌ഡഡ് കോളജുകളിലെ അതിഥി അധ്യാപക നിയമനം, യോഗ്യത തെരഞ്ഞെടുപ്പ് രീതി, തുടങ്ങിയ വിഷയങ്ങൾ സംബന്ധിച്ച് 09.09.2023 ന് ഇറക്കിയ ഉത്തരവിൽ 70 വയസ് വരെയുള്ള വിരമിച്ചവരെയും ഗസ്റ്റ് അധ്യാപകരായി നിയമനത്തിന് പരിഗണിക്കാം എന്ന നിർദേശത്തിനെതിരെയാണ് ഡിവൈഎഫ്ഐ പ്രതിഷേധം അറിയിച്ചത്.
നിർദേശം യുവജന വിരുദ്ധമാണന്നും ഉന്നത വിദ്യാഭ്യാസം നേടി തൊഴിലിനുവേണ്ടി പതിനായിരക്കണക്കിന് ഉദ്യോഗാർഥികൾ കാത്തു നിൽക്കുമ്പോഴാണ് റിട്ടയർ ചെയ്‌ത അധ്യാപകരെ തന്നെ വീണ്ടും ഗസ്റ്റ് അധ്യാപക തസ്‌തികയിൽ നിയമിക്കാം എന്ന് പറയുന്നത്. ഇത് യുവജനങ്ങളുടെ പ്രതീക്ഷയെ മങ്ങൽ ഏൽപ്പിക്കുന്നതാണെന്നും ഉത്തരവ് പിൻവലിക്കണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി പറഞ്ഞു. മാത്രമല്ല തൊഴിൽ രഹിതരായ ഒട്ടേറെ യുവജനങ്ങളെ മാറ്റി നിർത്തുന്നത് നീതിയല്ലെന്നും ഡിവൈഎഫ്‌ഐ പറഞ്ഞു.
ഉത്തരവിലെ മറ്റു നിർദേശങ്ങൾ : അക്കാദമിക വർഷം ആരംഭിക്കുന്നതിന് തൊട്ടു മുൻപുള്ള മാസങ്ങളിൽ പത്ര പരസ്യങ്ങൾ നൽകി അതിഥി അധ്യാപകരുടെ നിയമന നടപടി ആരംഭിക്കണം. അതാത് മേഖല ഡെപ്യൂട്ടി ഡയറക്‌ടറേറ്റുകളിൽ അതിഥി അധ്യാപക പാനലിൽ പേര് രജിസ്റ്റർ ചെയ്‌ത അധ്യാപകരെ നിയമനത്തിനായി പരിഗണിക്കണം. നിയമിക്കപ്പെടുന്ന അധ്യാപകർക്ക് നിലവിലെ യുജിസി റെഗുലേഷൻ പ്രകാരം അസിസ്റ്റന്‍റ് പ്രൊഫസർ ആയി നിയമനം നേടുന്നതിനുള്ള യോഗ്യതകൾ ഉണ്ടായിരിക്കണം.
കോളേജ് മാസ്റ്റർ ടൈംടേബിളുമായി ഒത്തു നോക്കിയശേഷം അതിഥി അധ്യാപകരെ ആവശ്യമുള്ള വിഷയങ്ങളിലേക്ക് നിയമന നടപടികൾ ആരംഭിക്കാവുന്നതാണ്. സ്ഥിര അധ്യാപകരുടെ ദീർഘകാല ശൂന്യ വേതന അവധി മൂന്നു മാസമോ അതിലധികമോ ആകുന്ന പക്ഷം അതിഥി അധ്യാപകരെ നിയമിക്കാവുന്നതാണ്.