തിരുവനന്തപുരം : അഞ്ചുകൊല്ലം മുമ്പ് കുറ്റപ്പെടുത്തിയവരാണ് ഇന്ന് ഭാവനയ്ക്ക് കൈയടിച്ചതെന്ന് ഡബ്ബിങ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി. ഐ.എഫ്.എഫ്.കെ ഉദ്ഘാടനച്ചടങ്ങിൽ ഭാവന പങ്കെടുക്കുകയും ആ നടപടി ഏറെ പ്രകീര്‍ത്തിക്കപ്പെടുകയും ചെയ്‌ത സംഭവത്തിലാണ് ഇടിവി ഭാരതിനോടുള്ള ഭാഗ്യലക്ഷ്മിയുടെ പ്രതികരണം.
ഭാവനയുടെ പോരാട്ടമാണ് ജനങ്ങളെ കൊണ്ട് കൈയടിപ്പിച്ചത്. പരിഹാസങ്ങൾക്കും അപവാദങ്ങൾക്കും ഇടെയാണ് നീതി തേടിയുള്ള പോരാട്ടത്തിന്‍റെ നീണ്ട യാത്ര. ഈ പോരാട്ടത്തിൽ ഓരോ പടി കയറുന്നതും മലകയറുന്നതിന് തുല്യമായിരുന്നു. ഡബ്ല്യു.സി.സി നടത്തുന്ന പ്രവർത്തനങ്ങൾ ആ സംഘടനയുടെ കടമയാണ്. അതിൽ വിജയം കാണുന്നുണ്ടെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
Also Read: കുർദിസ്‌താനിൽ സിനിമ നിർമിക്കുന്നതിന് നിരവധി പ്രതിസന്ധികൾ നേരിട്ടു: ലിസ ചലാൻ
രാജ്യാന്തര ചലച്ചിത്രമേളയിൽ സ്ത്രീപക്ഷ സിനിമകളും സ്ത്രീയുടെ അതിജീവന പോരാട്ടം പ്രമേയമായ സിനിമകളും വരുന്നത് നല്ലതാണ്. അതിജീവനം അനിവാര്യമാണ്. അത് പ്രചരിപ്പിക്കാൻ ഏറ്റവും പറ്റിയ മാധ്യമം സിനിമയാണ്. മാറ്റങ്ങളുണ്ടായിട്ടുണ്ട്. സ്ത്രീകൾ പ്രശ്നങ്ങൾ തുറന്നുപറഞ്ഞാൽ ഒന്നും സംഭവിക്കാനില്ലെന്നും സ്ത്രീകൾക്ക് ഐ.എഫ്.എഫ്.കെയിൽ വിശാലമായ ഇടമുണ്ടെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേര്‍ത്തു.