തിരുവനന്തപുരം: കൊവിഡ് വ്യാപനവും ലോക്ക്ഡൗണും മൂലം നിർത്തിവച്ച ഡ്രൈവിങ് ലൈസൻസ് ടെസ്റ്റുകൾ ഇന്ന് മുതൽ പുനഃരാരംഭിക്കും. കഴിഞ്ഞ മൂന്ന് മാസമായി നിരത്തിലിറങ്ങാതെ കിടക്കുന്ന ഡ്രൈവിങ് സ്‌കൂളുകൾക്കും ഇന്ന് മുതൽ പ്രവർത്തിക്കാൻ അനുമതി ഉണ്ട്. കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചായിരിക്കണം ഡ്രൈവിങ് ക്ലാസുകളും ലൈസൻസ് ടെസ്റ്റുകളും നടത്തേണ്ടതെന്നാണ് സർക്കാർ നിർദ്ദേശം.
ഡ്രൈവിങ് ലൈസൻസുകളുടെ കാലാവധി കഴിഞ്ഞ ശേഷം പ്രായോഗിക പരീക്ഷയോടെ പുതുക്കാൻ അപേക്ഷിച്ചവർക്കാണ് ആദ്യ ഘട്ടത്തിൽ ടെസ്റ്റുകൾ നടക്കുക. ലോക്ക്ഡൗണിന് മുൻപ് സ്ലോട്ട് ബുക്ക് ചെയ്യുകയും ലോക്ക്ഡൗണിനെ തുടർന്ന് കാലാവധി അവസാനിക്കുകയും ചെയ്തവരുടെ സ്ലോട്ടുകൾ പുനഃക്രമീകരിക്കും. മോട്ടോർ വാഹന വകുപ്പിന്‍റെ mvd.kerala.gov.in എന്ന വെബ്സൈറ്റ് വഴിയാണ് സ്ലോട്ടുകൾ ബുക്ക് ചെയ്യേണ്ടത്.
Also Read: കൊവിഡ് പ്രതിസന്ധി: വിജനമായി ഭൂതത്താന്‍കെട്ട്
ഡ്രൈവിങ് പരിശീലന വാഹനത്തിൽ ഇൻസ്ട്രക്ടറെ കൂടാതെ ഒരു സമയം ഒരു പഠിതാവിനെ മാത്രമേ അനുവദിക്കുകയുള്ളൂ. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ ഉറപ്പു വരുത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദേശമുണ്ട്. കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സ്ഥലങ്ങളിൽ ദുരന്ത നിവാരണ അതോറിറ്റി നൽകുന്ന നിർദേശങ്ങൾക്കനുസരിച്ചായിരിക്കും ഡ്രൈവിങ് ടെസ്റ്റ് ആരംഭിക്കുക. ഓരോ സ്ഥലത്തും ഡ്രൈവിങ് ടെസ്റ്റ് ആരംഭിക്കുന്ന തീയതികൾ അതാത് ആർടിഒ സബ് ആർടിഒകളുമായി ബന്ധപ്പെട്ട് അറിയാവുന്നതാണ്.