തിരുവനന്തപുരം : കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പൊലീസ് എത്തിച്ച ആളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന് ഏറ്റത് 11 കുത്തുകൾ. പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ആറ് കുത്തുകൾ ശരീരത്തിലും മൂന്നു കുത്തുകൾ തലയിലും ഒരു കുത്ത് മുഖത്തും മറ്റൊരെണ്ണം ഇടതു കൈയിലുമാണ് ഏറ്റിരിക്കുന്നത്.
മുതുകിലും തലയിലും ഏറ്റ കുത്തുകളാണ് മരണകാരണം. ആശുപത്രിയിൽ ഉപയോഗിക്കുന്ന സർജിക്കൽ ഉപകരണം ഉപയോഗിച്ചാണ് ആക്രമണം നടത്തിയത് എന്നും പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ഇതിനാൽ ആഴത്തിലുള്ള മുറിവാണ് ഡോ. വന്ദന ദാസിന്‍റെ ശരീരത്തിൽ ഉണ്ടായത്.
ശ്വാസകോശത്തിൽ വരെ മുറിവ്: തലയിൽ ചെവിയുടെ ഭാഗത്തായി ആഴമേറിയ കുത്തുകൊണ്ടിട്ടുണ്ട്. സർജിക്കൽ ഉപകരണം ശ്വാസകോശത്തിൽ വരെ തുളഞ്ഞു കയറിയതാണ് പ്രാഥമിക റിപ്പോർട്ട്. മറ്റു മുറിവുകളുടെ ആഴം ആന്തരികമായി ഉണ്ടായ മുറിവുകളുടെ വിവരങ്ങൾ എന്നിവയെല്ലാം പൂർണമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം വ്യക്തമാകും.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് വന്ദനയുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. ശേഷം ഇവിടെ പൊതുദര്‍ശനവും നടത്തിയിരുന്നു. പിന്നീട് മൃതദേഹം കോട്ടയത്തേക്ക് കൊണ്ടുപോയി. കോട്ടയത്തേക്കുള്ള യാത്രയ്‌ക്കിടെ ഡോ. വന്ദന ദാസ് പഠിച്ചിരുന്ന കൊല്ലം അസീസിയ മെഡിക്കല്‍ കോളജില്‍ മൃതദേഹം പൊതുദര്‍ശത്തിന് വച്ചു.
ആക്രമണം ഇങ്ങനെ: ഇന്ന് പുലര്‍ച്ചെയാണ് വന്ദനയ്‌ക്ക് നേരെ ആക്രമണമുണ്ടായത്. രാവിലെ 07.25 നാണ് വന്ദന ദാസിനെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് പ്രാഥമിക ചികിത്സ നല്‍കിയ ശേഷമാണ് തിരുവനന്തപുരത്ത് എത്തിച്ചത്.
അതീവ ഗുരുതരാവസ്ഥയിലെത്തിയ വന്ദനയെ അഗ്രസീവ് റെസ്യൂസിറ്റേഷന്‍ മാനേജ്‌മെന്‍റടക്കമുള്ള ചികിത്സയ്‌ക്ക് വിധേയമാക്കിയെങ്കിലും 8.25ന് മരണം സംഭവിക്കുകയായിരുന്നു. കോട്ടയത്ത് നിന്നും വന്ദനയുടെ രക്ഷിതാക്കളെത്തിയ ശേഷമാണ് മറ്റ് നടപടി ക്രമങ്ങള്‍ തുടങ്ങിയത്.
also read : ഡോക്‌ടറെ കുത്തിക്കൊലപ്പെടുത്തിയ സംഭവം : പ്രതിയെ ആദ്യം ആശുപത്രിയിൽ എത്തിച്ചത് പരാതിക്കാരനായെന്ന് എഡിജിപി
രക്ഷിതാക്കളെത്തിയതിന് പിന്നാലെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയടക്കം സാന്നിധ്യത്തിലാണ് ഇന്‍ക്വസ്റ്റ് അടക്കമുള്ള നടപടികള്‍ നടന്നത്. ഇതിനുശേഷം സ്വകാര്യ ആശുപത്രിയില്‍ നിന്ന് മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിനായി ഇവിടെ പ്രത്യേക ക്രമീകരണങ്ങള്‍ തയ്യാറാക്കിയിരുന്നു.
വിട പറഞ്ഞ് സഹപ്രവർത്തകർ: അതിനാല്‍ വേഗത്തില്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. അതിനുശേഷമാണ് സഹപ്രവര്‍ത്തകര്‍ക്ക് ആദരാഞ്‌ജലികള്‍ അര്‍പ്പിക്കാന്‍ പൊതുദര്‍ശനം ഒരുക്കിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്‌ടര്‍മാര്‍, മന്ത്രിമാര്‍, പൊതുജനങ്ങള്‍ എന്നിവര്‍ ആദരാഞ്‌ജലി അര്‍പ്പിച്ചു.
also read : വന്ദന വധക്കേസ് : പ്രതിയെ വൈദ്യ പരിശോധനയ്‌ക്ക് എത്തിച്ചപ്പോൾ ആശുപത്രിയിൽ ആരോഗ്യ പ്രവർത്തകരുടെ പ്രതിഷേധം