തിരുവനന്തപുരം: കേരളത്തിലെ കാറ്റ് യുഡിഎഫിന് അനുകൂലമെന്ന് ശശി തരൂർ എം.പി. തുറമുഖത്ത് കാണുന്ന കപ്പലുകൾ എണ്ണിയാൽ പോര, കാറ്റ് എങ്ങോട്ടാണെന്നത് പ്രധാനമാണ്. ആ കാറ്റിനനുസരിച്ചേ കപ്പൽ പോകൂവെന്നും അത് യുഡിഎഫിന് അനുകൂലമാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.
ഇരട്ട വോട്ടിൻ്റെ പേരിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വോട്ടർമാരുടെ വിവരങ്ങൾ ചോർത്തിയെന്ന എം.എ. ബേബിയുടെ ആരോപണത്തെ അദ്ദേഹം പരിഹസിച്ചു. ഏതാണ് ഏറ്റവും വലിയ പാപം എന്നത് പ്രധാനമാണ്. ഒരാൾ ഒന്നിലധികം വോട്ട് ചേർത്തതാണോ പാപം അതോ അത് കണ്ടു പിടിക്കാൻ സ്വീകരിച്ച മാർഗമാണോ പാപമെന്ന് ആലോചിക്കണം.
ഇന്ന് സർക്കാർ നൽകുന്ന സൗജന്യ കിറ്റിൻ്റെ സാമ്പത്തിക ഭാരം വഹിക്കേണ്ടി വരുന്നത് നമ്മുടെ മക്കളും കൊച്ചു മക്കളുമാണ്. തൊഴിലില്ലായ്മയുടെ കാര്യത്തിൽ കേരളത്തിൻ്റെ സ്ഥാനം അഖിലേന്ത്യ ശരാശരിയുടെ ഇരട്ടിയിലാണ്. ലാവ് ജിഹാദിൻ്റെ പേരിൽ ബിജെപി ഉയർത്തുന്നത് കടുത്ത വർഗീയതയാണ്. ജനങ്ങളുടെ സ്വകാര്യതയിൽ കടന്നു കയറാൻ രാഷ്ട്രീയ പാർട്ടികൾക്ക് ആരാണ് അധികാരം നൽകിയതെന്നും ശശി തരൂർ എംപി ചോദിച്ചു.