തിരുവനന്തപുരം: കേരളത്തിന്‍റെ മുന്നേറ്റ ചരിത്രത്തിൽ സ്ത്രീകൾ വഹിച്ച പങ്ക് അടയാളപ്പെടുത്തുന്ന ഡോക്യുഫിക്ഷൻ 'വിമോചനത്തിന്റെ പാട്ടുകാർ' ചൊവ്വാഴ്‌ച പ്രകാശനം ചെയ്യും. തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചിത്രത്തിന്റെ പ്രകാശനം നിർവഹിക്കും. സംസ്ഥാന സർക്കാരിന്റെ 'സധൈര്യം' പദ്ധതിയുടെ ഭാഗമായി വനിത ശിശു വികസന വകുപ്പ്, സംസ്ഥാന വനിത വികസന കോർപ്പറേഷൻ പി.ആർ.ഡി എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ നിർമാണം. വിധു വിൻസന്‍റാണ് സംവിധാനം.
കേരളം കൈവരിച്ച സാമൂഹിക മുന്നേറ്റത്തിൽ സ്ത്രീകൾ വഹിച്ച പങ്ക് വരും തലമുറകൾക്ക് പ്രചോദനമാകുന്നതിന് വേണ്ടിയാണ് ചിത്രം തയ്യാറാക്കിയതെന്ന് മന്ത്രി കെ.കെ ഷൈലജ പറഞ്ഞു. പ്രകാശന പരിപാടികളുടെ ഭാഗമായി ചൊവ്വാഴ്‌ച നഗരത്തിൽ രാത്രി നടത്തവും സംഘടിപ്പിച്ചിട്ടുണ്ട്.