തിരുവനന്തപുരം : കണ്ണന്മൂല ആമയിഴഞ്ചാന്‍ തോട്ടില്‍ നിന്നും ഡോക്‌ടറുടെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം ജനറല്‍ ആശുപത്രി അനസ്‌തേഷ്യ വിഭാഗം ഡോക്‌ടറായ വിപിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് ഉച്ചക്ക് ശേഷമാണ് ഡോക്‌ടറുടെ മൃതദേഹം ആമയിഴഞ്ചാന്‍ തോട്ടില്‍ നിന്നും കണ്ടെത്തിയത്.
നാട്ടുകാരാണ് ആദ്യം മൃതദേഹം കണ്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസിന്‍റെ അന്വേഷണത്തിലാണ് മൃതദേഹം ഡോ.വിപിന്‍റേതാണെന്ന് തിരിച്ചറിയുന്നത്. തുടര്‍ന്ന് ബന്ധുക്കള്‍ സ്ഥലത്തെത്തി മൃതദേഹം വിപിന്‍റേതാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം കണ്ടെത്തിയ ഭാഗത്ത് നിന്ന് തന്നെ വിപിന്‍റെ കാറും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
കാറില്‍ നിന്നും ഇയാളുടേതെന്ന് കരുതപ്പെടുന്ന സിറിഞ്ചും മരുന്ന് കുപ്പികളും പൊലീസിന് ലഭിച്ചു. മയങ്ങാനുള്ള മരുന്നിന്‍റെ ഒഴിഞ്ഞ കുപ്പിയാണ് പൊലീസിന് ലഭിച്ചത്. ഏറെ നാളായി ഇയാള്‍ വിഷാദ സംബന്ധമായ പ്രശ്‌നങ്ങൾ നേരിടുന്നതായി പൊലീസ് അറിയിച്ചു. മയങ്ങാനുള്ള മരുന്ന് ശരീരത്തിലേക്ക് കുത്തിവച്ച ശേഷം ഇയാൾ തോട്ടിലേക്ക് ചാടിയതാകാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
നിലവില്‍ വിപിന്‍റെ മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റിയിട്ടുണ്ട്. ഇന്ന് ഉച്ചക്ക് 12 മണിയോടെ വിപിന്‍ തോട്ടിലേക്ക് എത്തിയതായാണ് പൊലീസിന്‍റെ നിഗമനം. വിപിന്‍റെ കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാറില്‍ ശാസ്ത്രീയ പരിശോധനകള്‍ അടക്കം നടത്തി വരികയാണ്.
കൊല്ലത്ത് രണ്ട് പേർ മുങ്ങിമരിച്ചു : കൊല്ലം അയത്തിൽ കരുത്തറക്ഷേത്ര കുളത്തിൽ രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. അയത്തിൽ സ്വദേശികളായ ഗിരികുമാർ (58), ചാക്കോ എന്ന അച്ചൻകുഞ്ഞ് (51) എന്നിവരാണ് മരിച്ചത്. കുളക്കടവിൽ ഇരിക്കുന്നതിനിടെ ഒരാൾ കുളത്തിലേക്ക് വീഴുകയും ഒപ്പമുണ്ടായിരുന്നയാള്‍ രക്ഷിക്കാനായി കുളത്തിലേക്ക് എടുത്ത് ചാടിയതുമാണ് അപകടത്തിനിടയാക്കിയത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
ഇന്നലെ ഉച്ചയോടെയാണ് ഗിരികുമാറിന്‍റെ മൃതദേഹം നാട്ടുകാർ കണ്ടെത്തിയത്. തുടർന്ന് ഇരവിപുരം പൊലീസ് സംഭവസ്ഥലത്തെത്തി മൃതദേഹം കരക്കെത്തിച്ച് ഇൻക്വസ്റ്റ് നടപടി പൂർത്തീകരിച്ച് മോർച്ചറിയിലേക്ക് കൊണ്ട് പോകാൻ ആംബുലൻസിൽ കയറ്റുമ്പോഴാണ് ചാക്കോയുടെ മൃതദേഹം കണ്ടെത്തിയത്. ഇരുവരും മദ്യ ലഹരിയിൽ ആയിരുന്നതായാണ് പൊലീസിന്‍റെ സംശയം.
ഓടയിൽ യുവാവിന്‍റെ മൃതദേഹം : ഇക്കഴിഞ്ഞ ഓഗസ്റ്റ് 14ന് കോഴിക്കോട് കണ്ണാടിക്കലിൽ യുവാവിന്‍റെ മൃതദേഹം ഓടയിൽ കണ്ടെത്തിയിരുന്നു. കുരുവട്ടൂർ അണിയം വീട്ടിൽ വിഷ്‌ണുവിന്‍റെ മൃതദേഹമാണ് ഓടയിൽ കണ്ടെത്തിയത്. ഇയാളുടെ ബൈക്കും ഹെൽമെറ്റും ഓടയിൽ നിന്ന് തന്നെ കണ്ടെത്തിയിരുന്നു. അമിത വേഗതയിലെത്തിയ ബൈക്ക് തെന്നിനീങ്ങി അപകടത്തിൽ പെട്ടതാകാം എന്നാണ് പ്രാഥമിക നിഗമനം.
സംഭവ സ്ഥലത്തിന് അടുത്തുള്ള വീട്ടുകാരാണ് ഓടയിൽ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ഇവർ വിവരം അറിയിച്ചതിനെത്തുടർന്ന് പൊലീസ് സംഭവ സ്ഥലത്തെത്തി. ബോക്‌സിങ് പരിശീലകൻ ആയിരുന്നു മരിച്ച വിഷ്‌ണു. രാവിലെ കുട്ടികൾക്ക് ക്ലാസെടുക്കാൻ പോകുന്ന വഴി അപകടം സംഭവിച്ചതാകാമെന്ന് പൊലീസ് അറിയിച്ചു.