തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെയും പോളിങ് സാമഗ്രികളുടെ വിതരണം പൂർത്തിയായി. 9,57,550 വോട്ടർമാരാണ് അഞ്ച് മണ്ഡലങ്ങളിലുമായി വിധിയെഴുതുന്നത്. 3696 പൊലീസുദ്യോഗസ്ഥരെ സുരക്ഷാ ജോലികള്‍ക്കായി നിയോഗിച്ചിട്ടുണ്ട്.
രാവിലെ സ്ട്രോങ് റൂമുകളിൽ സൂക്ഷിച്ചിരുന്ന വോട്ടിങ് യന്ത്രങ്ങൾ തെരഞ്ഞെടുപ്പ് ഓഫീസർമാർ പരിശോധിച്ചു. തുടർന്ന് പത്ത് മണിയോടെ പോളിങ് സാമഗ്രികൾ വിതരണം ചെയ്തു. വോട്ടിങ് യന്ത്രങ്ങള്‍ ശരിയായ രീതിയില്‍ പരിശോധിച്ച് ക്രമീകരിച്ചതിന് ശേഷം ഉദ്യോഗസ്ഥർ ബൂത്തിലേക്ക് തിരിച്ചു. കേന്ദ്രസേന, ആംഡ് ബറ്റാലിയൻ, കേരള പൊലീസ് എന്നിവയുടെ ത്രിതല സുരക്ഷാ സംവിധാനത്തിലായിരുന്നു പോളിങ് സാമഗ്രികൾ സൂക്ഷിച്ചിരുന്നത്.
പ്രശ്നബാധിത ബൂത്തുകളിൽ വെബ്കാസ്റ്റിങ് സംവിധാനവും, മൈക്രോ ഒബ്സർവർമാരെയും ഉറപ്പുവരുത്തണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. അഞ്ച് മണ്ഡലങ്ങളിലുമായി 140 ബൂത്തുകളിൽ വെബ് കാസ്റ്റിങുണ്ടാകും. അതേസമയം വോട്ടവകാശമുള്ള വിദ്യാർഥികൾക്ക് വോട്ട് ചെയ്യാൻ അവസരം ഒരുക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ നിർദ്ദേശിച്ചു.
വോട്ടവകാശം വിനിയോഗിക്കാൻ അവസരം നിഷേധിച്ചാൽ സ്ഥാപനങ്ങൾക്കെതിരെ നടപടിയുണ്ടാകുമെന്നും ടീക്കാറാം മീണ അറിയിച്ചു.