തിരുവനന്തപുരം : പുതുവത്സര ദിനത്തില്‍ പൊലീസ് തലപ്പത്ത് നടത്തിയ അഴിച്ചുപണിയില്‍ സേനയില്‍ അതൃപ്തി പുകയുന്നു. സംസ്ഥാനത്തെ സീനിയര്‍ പൊലീസ് ഉദ്യോഗസ്ഥനും ട്രെയിനിങ് വിഭാഗം എ.ഡി.ജി.പിയുമായിരുന്ന യോഗേഷ് ഗുപ്തയെ 11 മാസത്തിനിടയില്‍ മൂന്നുതവണ സ്ഥലം മാറ്റിയതാണ് വിവാദമായിരിക്കുന്നത്.
പൊലീസ് ട്രെയിനിങ് എ.ഡി.ജിപിയായി കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ സ്ഥലം മാറ്റിയ യോഗേഷ് ഗുപ്തയെ ഡിസംബര്‍ 31ന് തൃശൂര്‍ പൊലീസ് അക്കാദമി ഡയറക്ടറായി നിയമിച്ചിരിക്കുകയാണ്. സീനിയര്‍ ആയ എ.ഡി.ജി.പിയെ മാറ്റി പുതുതായി എ.ഡി.ജി.പിയായി സ്ഥാന കയറ്റം ലഭിച്ച ബല്‍റാം കുമാര്‍ ഉപാധ്യായയെയാണ് പകരം കൊണ്ടു വന്നിരിക്കുന്നത്.
ഉദ്യോഗസ്ഥരെ ഒരു പദവിയില്‍ രണ്ടുവര്‍ഷം തുടരാന്‍ അനുവദിക്കുക എന്നതാണ് സാധാരണ രീതി. എന്നാല്‍ സംസ്ഥാനത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥനും സേനയിലെ ഏറ്റവും മികച്ച സേവന റെക്കോര്‍ഡുമുള്ള വ്യക്തിയെ ഇത്തരത്തില്‍ പന്തുതട്ടുന്നതിലാണ് അമര്‍ഷം പുകയുന്നത്.
നേരത്തെ പൊലീസ് അക്കാദമി ഡയറക്ടറായി ഐ.ജി പി. വിജയന് അധിക ചുമതലയാണുണ്ടായിരുന്നത്. എന്നാല്‍ പുതിയ സ്ഥലം മാറ്റത്തില്‍ ഡി.ഐ.ജിയായി സ്ഥാന കയറ്റം ലഭിച്ച സേതുരാമനെ തൃശൂര്‍ പൊലീസ് അക്കാദമി ഐ.ജിയാക്കിയതിന് പുറമേയാണ് ഒരു സീനിയര്‍ എ.ഡി.ജി.പിയെ അവിടെ ഡയറക്ടര്‍ കൂടിയായി നിയമിച്ചിരിക്കുന്നത്.
ALSO READ:അവഹേളനത്തിനിരയായ വിദേശി ഫോര്‍ട്ട് എ.സിയുമായി കൂടിക്കാഴ്ച നടത്തി ; പൊലീസിന് പ്രശംസ
കൊല്‍ക്കത്ത എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റില്‍ സ്പെഷ്യല്‍ ഡയറക്ടറായി കേന്ദ്ര ഡെപ്യൂട്ടേഷന്‍ അവസാനിപ്പിച്ച് 2021 ഫെബ്രുവരിയിലാണ് യോഗേഷ് ഗുപ്ത സംസ്ഥാന കേഡറിലേക്ക് തിരിച്ചെത്തിയത്. ബെവ്റേജസ് കോര്‍പ്പറേഷന്‍ എം.ഡിയായി ഫെബ്രുവരിയില്‍ സര്‍ക്കാര്‍ നിയമനം നല്‍കി. കണക്കുകളിലെ അവ്യക്തത മൂലം 344 കോടി രൂപ ബെവ്റേജസ് കോര്‍പ്പറേഷനില്‍ നിന്ന് ഇന്‍കം ടാക്സ് കണ്ടുകെട്ടിയ സമയത്തായിരുന്നു ഗുപ്തയുടെ നിയമനം.
കണക്കുകളിലെല്ലാം വ്യക്തത വരുത്തി ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്‍റിന് കൈമാറി. കണ്ടുകെട്ടിയ 344 കോടി രൂപ കോര്‍പ്പറേഷന് തിരികെ നേടിക്കൊടുത്തതിന് പിന്നാലെയാണ് അദ്ദേഹത്തെ ട്രെയിനിങ് വിഭാഗം എ.ഡി.ജി.പിയാക്കിയത്. അവിടെ മൂന്നുമാസം കാലാവധി തികയ്ക്കും മുമ്പ് വീണ്ടും തൃശൂര്‍ അക്കാദമി ഡയറക്ടറാക്കി.
നഷ്ടത്തിലായിരുന്ന പൊതുമേഖലാ സ്ഥാപനമായ സപ്ലൈകോ എം.ഡിയായി 2007ല്‍ നിയമിതനായ യോഗേഷ് ഗുപ്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ സപ്ലൈകോയെ ലാഭത്തിലേക്ക് നയിച്ചിരുന്നു. മറ്റൊരു പൊതുമേഖലാ സ്ഥാപനമായ കെ.എഫ്.സി എം.ഡിയായിരിക്കേ സ്ഥാപനത്തെ പ്രൊഫഷണല്‍ രീതിയിലേക്ക് മാറ്റുകയും നഷ്ടത്തില്‍ നിന്ന് ലാഭത്തിലേക്ക് നയിക്കുകയും ചെയ്ത ഉദ്യോഗസ്ഥന്‍ കൂടിയാണ് അദ്ദേഹം.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ചുമതലയുള്ള ഇ.ഡി സ്പെഷ്യല്‍ ഡയറക്ടറായും സി.ബി.ഐയില്‍ ഡെപ്യൂട്ടേഷനിലും പ്രവര്‍ത്തിക്കുമ്പോള്‍ മികച്ച ഉദ്യോഗസ്ഥന്‍ എന്ന ഖ്യാതി നേടിയിട്ടുണ്ട്. അനില്‍കാന്ത് പൊലീസ് മേധാവി സ്ഥാനമൊഴിയുന്ന 2023ല്‍ പുതിയ ഡിജിപിയായി പരിഗണിക്കാനിടയുള്ള ഉദ്യോഗസ്ഥന്‍ കൂടിയാണ് അദ്ദേഹം.