തിരുവനന്തപുരം: ജനതാദൾ എസ് സംസ്ഥാന കമ്മിറ്റിയേയും കൗൺസിലിനെയും പിരിച്ചു വിട്ട കേന്ദ്ര നേതൃത്വത്തിൻ്റെ തീരുമാനം തള്ളി സി.കെ നാണു വിഭാഗം. ദേശീയ അധ്യക്ഷൻ എച്ച്.ഡി ദേവഗൗഡയുടെ തീരുമാനത്തിനെതിരെ സി.കെ നാണു വിഭാഗം പ്രമേയം പാസാക്കി. സമാന്തര സംസ്ഥാന കൗൺസിൽ യോഗം ചേർന്നാണ് നിലപാട് പ്രഖ്യാപിച്ചത്. ഗൗഡയെ ദേശീയ അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെടുന്നു.
ഇതോടെ ജെ.ഡി.എസിൽ പിളർപ്പ് ഉറപ്പായി. സി.കെ നാണുവിനെ നീക്കി മാത്യു.ടി. തോമസിനെ സംസ്ഥാന അധ്യക്ഷനായി ദേശീയ നേതൃത്വം നിയോഗിച്ചിരുന്നു. പിന്നാലെയാണ് ഇത് പാർട്ടി ഭരണഘടനക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പാർട്ടി മുൻ സംസ്ഥാന സെക്രട്ടറി ജനറൽ ജോർജ് തോമസ്, സെക്രട്ടറിമാരായ എസ്. ചന്ദ്രകുമാർ, അഡ്വക്കറ്റ് മാത്യു ജോൺ എന്നിവരുടെ നേതൃത്വത്തിൽ സമാന്തര സംസ്ഥാന സമിതി യോഗം വിളിച്ചത്.
പാർട്ടി ആരുടെയും കുടുംബ സ്വത്തല്ലെന്ന് സംസ്ഥാന സെക്രട്ടറി ജനറൽ ജോർജ് തോമസ് പറഞ്ഞു. ദേവഗൗഡയും കൂട്ടരും നിരന്തരമായി ബി.ജെ.പിയുമായി ചർച്ച നടത്തുന്നു. കർഷക സമരത്തോട് ദേവഗൗഡ മുഖം തിരിക്കുന്നു . സംസ്ഥാന സമിതിയിലെ ഭൂരിഭാഗം അംഗങ്ങളും തങ്ങൾക്ക് ഒപ്പമാണെന്നും സി.കെ നാണു വിഭാഗം പറയുന്നു.
മാത്യു.ടി.തോമസിനെതിരെയും രൂക്ഷമായ വിമർശനമാണ് യോഗത്തിൽ ഉയർന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ സീറ്റ് ചോദിച്ച് വാങ്ങുന്നതിൽ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടു. ഇടതു മുന്നണി യോഗത്തിൽ നട്ടെല്ല് നിവർത്തി നിൽക്കാനുള്ള ധൈര്യം മാത്യു.ടി.തോമസിനില്ലെന്നും വിമർശനം ഉയർന്നു.