തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ജോസ്.കെ.മാണി വിഭാഗത്തിൻ്റെ മുന്നണി പ്രവേശം സംബന്ധിച്ച് ഇന്ന് തിരുവനന്തപുരത്ത് നിർണായക ചർച്ചകൾ. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. യോഗത്തിൽ കേരള കോൺഗ്രസ് വിഷയം ചര്‍ച്ചയാകും. ഏതൊക്കെ സീറ്റുകൾ വിട്ട് കൊടുക്കണം എന്നത് സംബന്ധിച്ചാണ് ചർച്ച നടക്കുക. സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനും ഇന്ന് കൂടിക്കാഴ്‌ച നടത്തുന്നുണ്ട്.
കേരള കോൺഗ്രസ് വിഷയത്തിൽ സി.പി.ഐയെ ഒപ്പം നിർത്തി മുന്നോട്ട് പോകാനാണ് സി.പി.എം നീക്കം. വിട്ടുവീഴ്‌ചകള്‍ സി.പി.എം ഒറ്റക്ക് സഹിക്കേണ്ട ആവശ്യം ഇല്ല എന്നാണ് സി.പി.എമ്മിനുള്ളിലെ പ്രാഥമിക ധാരണ. എല്ലാ ഘടകകക്ഷികളും ഇതിലുള്ള നഷ്‌ടം സഹിക്കണം. തുടർ ഭരണം എന്നത് സി.പി.എമ്മിൻ്റെ മാത്രമല്ല എൽ.ഡി.എഫിൻ്റെ മുഴുവൻ ആവശ്യമായി കാണണമെന്നാണ് സി.പി.എം മുന്നോട്ട് വയ്ക്കുന്ന നിലപാട്. ഇക്കാര്യത്തിൽ സി.പി.ഐയെ കാര്യങ്ങൾ ബോധിപ്പിച്ച് ഒപ്പം നിർത്താനാണ് സി.പി.എം ശ്രമിക്കുന്നത്. എൻ.സി.പി അടക്കമുള്ള മറ്റു ഘടക കക്ഷികളുടെ എതിർപ്പിനെ കാര്യമായെടുക്കാതെ മുന്നോട്ട് പോകാം എന്നാണ് തീരുമാനം. ഇടത് അനുകൂല പ്രഖ്യാപനത്തിനുശേഷം ജോസ്.കെ.മാണി ഇന്ന് തിരുവനന്തപുരത്ത് എത്തും. ഇടതുപക്ഷ നേതാക്കളുമായി ജോസ്.കെ.മാണി കൂടിക്കാഴ്‌ച നടത്തിയേക്കും.
അതേസമയം കേരള കോൺഗ്രസ്(എം) രാഷ്‌ട്രീയ നിലപാട് വ്യക്തമാക്കിയ ശേഷം നടത്തുന്ന സെക്രട്ടറിയേറ്റ് യോഗത്തിൽ ഇക്കാര്യം തന്നെയാണ് പ്രധാന ചർച്ച. ജോസ്.കെ.മാണി ഇടതുമുന്നണിയിലെത്തുന്നതിന് മുന്നോട്ട് വച്ച ആവശ്യങ്ങൾ സെക്രട്ടറിയേറ്റ് യോഗം വിശദമായി ചർച്ച ചെയ്യും. സി.പി.എമ്മിൻ്റെ സിറ്റിങ് അടക്കം പല സീറ്റുകളും കേരള കോൺഗ്രസിന് വിട്ടു കൊടുക്കേണ്ടി വരും. ഇക്കാര്യത്തിൽ പ്രാഥമിക ചർച്ചയും ഇന്നത്തെ സെക്രട്ടറിയേറ്റ് യോഗത്തിൽ ഉണ്ടാകും. ഇടത് മുന്നണിയിൽ വിശദമായി ചർച്ച ചെയ്‌ത് തീരുമാനമെടുക്കാം എന്നാണ് ധാരണ. ലൈഫ് മിഷനിൽ സി.ബി.ഐ അന്വേഷണം വേണ്ടെന ഹൈക്കോടതി ഉത്തരവ് ഉയർത്തിക്കാട്ടി വലിയ രാഷ്‌ട്രീയ പ്രചരണത്തിന് സി.പി.എം തീരുമാനിച്ചിട്ടുണ്ട്. ഇത് ഏതെല്ലാം തരത്തിൽ വേണമെന്ന് ഇന്നത്തെ സെക്രട്ടറിയേറ്റ് യോഗം തീരുമാനിക്കും. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും ഇന്നത്തെ സെക്രട്ടറിയേറ്റ് യോഗത്തിൻ്റെ അജണ്ടയിലുണ്ട്.