തിരുവനന്തപുരം: ഇടതുമുന്നണി മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് ഉഭയകക്ഷി ചര്‍ച്ചകള്‍ ഇന്നും തുടരും. ഇന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ്, കേരളകണ്‍ഗ്രസ് ബി, ഐ.എന്‍.എല്‍ തുടങ്ങിയ കക്ഷികളുമായാണ് ഇന്ന് സിപിഎം ചര്‍ച്ച നടത്തുന്നത്.
നിയമസഭയില്‍ ഒരു എം.എല്‍.എ മാത്രമുള്ള ചെറുകക്ഷികളാണ് ഇവയെല്ലാം. മൂന്ന് പാര്‍ട്ടിയും മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് ഇടതുമുന്നണിക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ നിലവിലെ അവസ്ഥയില്‍ ഒരു അംഗങ്ങള്‍ മാത്രമുള്ള കക്ഷികള്‍ക്ക് മന്ത്രിസ്ഥാനം നല്‍കേണ്ടെന്നാണ് സിപിഎമ്മിലെ ധാരണ. എന്നാല്‍ മന്ത്രിസ്ഥാനം പങ്കിട്ട് നല്‍കുന്നതും പരിഗണനയിലുണ്ട്. രണ്ടരവര്‍ഷം വീതം മന്ത്രിസ്ഥാനം പങ്കിട്ടു നല്‍കുന്നതാണ് ആലോചനയിലുള്ളത്.
ചര്‍ച്ചകള്‍ക്ക് ശേഷമാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുക. ഇന്നലെ കേരള കോണ്‍ഗ്രസ് എം, എന്‍സിപി, ജെഡിഎസ്, എല്‍ജെഡി എന്നീ കക്ഷികളുമായി സിപിഎം ഉഭയകക്ഷി ചര്‍ച്ച നടത്തിയിരുന്നു. സിപിഐയുമായുള്ള ആദ്യഘട്ട ചര്‍ച്ചയും പൂര്‍ത്തിയായിട്ടുണ്ട്. സിപിഐയ്ക്ക് നാല് മന്ത്രിസ്ഥാനവും ഡെപ്യൂട്ടി സ്പീക്കര്‍ പദവിയും എന്നതില്‍ മാറ്റമുണ്ടാകില്ല. എന്നാല്‍ സിപിഐ കൈവശം വച്ചിരുന്ന ചീഫ് വിപ്പ് സ്ഥാനം കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കും. ഇത് കൂടാതെ ഒരു മന്ത്രിസ്ഥാനം കൂടി കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കും. എന്‍സിപി,ജെഡിഎസ് എന്നീ കക്ഷികള്‍ക്ക് ഒരു മന്ത്രിസ്ഥാനവും ഉറപ്പായിട്ടുണ്ട്.