തിരുവനന്തപുരം: പാകിസ്ഥാനിലേക്ക് അല്ലെങ്കില്‍ ഖബറിസ്ഥാനിലേക്ക് പോകേണ്ട അവസ്ഥയുണ്ടായാൽ പാകിസ്ഥാനിലേക്ക് പോകാൻ തയ്യാറല്ലെന്ന് യുവ സംവിധായകന്‍ ഫഹിം ഇര്‍ഷാദ്. ബീഫ് നിരോധനത്തിൻ്റെ പശ്ചാത്തലത്തില്‍ ഹിന്ദുത്വ തീവ്രത ചര്‍ച്ചചെയ്യുന്ന ആനി മാനി എന്ന ചിത്രത്തിൻ്റെ സംവിധായകനാണ് ഫഹിം ഇര്‍ഷാദ്. രാജ്യാന്തര ചലച്ചിത്രമേളയില്‍ ചിത്രത്തിന് മികച്ച സ്വീകരണമാണ് ലഭിച്ചത്. സംവിധായകൻ്റെ ആദ്യത്തെ സംരംഭമാണ് ആനി മാനി. അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ ടാഗോര്‍ തിയേറ്ററില്‍ നിറഞ്ഞ സദസ്സിലായിരുന്നു ആനി മാനിയുടെ പ്രദര്‍ശനം.
കബാബ് വില്‍പനക്കാരനായ ഭൂട്ടോ എന്ന മുസ്ലിം യുവാവിൻ്റെ ജീവിതം ബീഫ് നിരോധനത്തെ തുടര്‍ന്ന് പ്രതിസന്ധിയിലാകുന്നതാണ് ചിത്രത്തിൻ്റെ പ്രമേയം. ഭാര്യയും അച്ഛനമമ്മാരും വിവാഹമോചിതയായ സഹോദരിയും അടങ്ങുന്ന കുടുംബത്തിൻ്റെ വരുമാനം നിലച്ചതോടെ കുടുംബത്തിൻ്റെ ഭാരം താങ്ങാന്‍ പുതിയ വഴികള്‍ കണ്ടെത്താനുളള ശ്രമത്തിൽ തീവ്രഹിന്ദുത്വ നിലപാടുകാര്‍ ഭൂട്ടോയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തുന്നു. ഇന്ത്യയിലാണ് ഇത് സംഭവിക്കുന്നതെന്ന് എന്ന ഓര്‍മ്മപ്പെടുത്തലോടെയാണ് ചിത്രം അവസാനിക്കുന്നത്.
മനുഷ്യാവകാശങ്ങള്‍ക്ക് വില നല്‍കുന്ന കേരളത്തിലെ രാഷ്ട്രീയം മഹത്തരമാണെന്ന് സംവിധായകന്‍ പ്രതികരിച്ചു. മേളയില്‍ ചിത്രത്തിന് ലഭിച്ച സ്വീകാര്യത കേരളത്തിൻ്റെ മനുഷ്യപക്ഷ നിലപാടുകളുടെ തെളിവാണെന്നും എതിര്‍ ശബ്ദങ്ങള്‍ക്ക് സാധ്യതയുളള ലക്‌നൗവിലും ഡല്‍ഹിയിലും ചിത്രം പ്രദര്‍ശിപ്പിക്കാനുളള ശ്രമത്തിലാണെന്നും സംവിധായകന്‍ പറഞ്ഞു.