തിരുവനന്തപുരം: കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഒരു നയതന്ത്ര പാഴ്‌സലിനും അനുമതി നൽകിയിട്ടില്ലെന്ന് സംസ്ഥാന പ്രോട്ടോകോൾ ഓഫിസർ. കസ്റ്റംസിൻ്റെ സമൻസിനാണ് പ്രോട്ടോകോൾ ഓഫിസർ വി. സുനിൽ കുമാർ മറുപടി നൽകിയത്. രണ്ട് വർഷമായി ഒരു പാഴ്‌സലിനും യു.എ.ഇ കോൺസുലേറ്റിൽ നിന്ന് അനുമതി തേടിയിട്ടില്ല. ഒരു പാഴ്‌സലിനും ഇളവ് നൽകിയിട്ടില്ലെന്നും കസ്റ്റംസിന് നൽകിയ മറുപടിയിൽ പറയുന്നു. ഇതോടെ സി ആപ്റ്റ് വഴി മതഗ്രന്ഥം വിതരണം ചെയ്ത സംഭവത്തിൽ മന്ത്രി കെ.ടി ജലീലിന് കൂടുതൽ കുരുക്കാകുന്നതാണ് പ്രോട്ടോകോൾ ഓഫിസറുടെ വിശദീകരണം. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ യു.എ.ഇ കോൺസുലേറ്റ് വഴി വന്ന എത്ര നയതന്ത്ര ബാഗുകൾക്ക് അനുമതി നൽകിയെന്നതിൽ വിശദീകരണം തേടി കസ്റ്റംസ് പ്രോട്ടോകോൾ ഓഫിസർക്ക് സമൻസ് അയച്ചിരുന്നു.
നയതന്ത്ര ബാഗുകൾക്ക് കസ്റ്റംസ് ക്ലിയറൻസ് നൽകണമെങ്കിൽ ബാഗിൽ എന്തെല്ലാം ഉണ്ടെന്ന് വ്യക്തമാക്കുന്ന കോൺസുലേറ്റ് റിപ്പോർട്ടിൽ പ്രോട്ടോകോൾ ഓഫിസർ ഒപ്പിടണമെന്നാണ് നിയമം. എന്നാൽ മാത്രമേ കസ്റ്റംസ് ബാഗ് വിട്ടുനൽകു. അതേസമയം മതഗ്രന്ഥങ്ങൾ നയതന്ത്ര പാഴ്‌സലിൽ കൊണ്ടുവരാനോ അതിന് നികുതി ഇളവ് നൽകാനോ കഴിയില്ല എന്നാണ് ചട്ടം. ഈ സാഹചര്യത്തിൽ യു.എ.ഇ കോൺസുലേറ്റ് വഴി വന്ന നയതന്ത്ര പാഴ്‌സലുകൾ വ്യാജ സർട്ടിഫിക്കറ്റ് ചമച്ച് കൈക്കലാക്കിയെന്നാണ് വിലയിരുത്തൽ.