തിരുവനന്തപുരം: ശമ്പളവര്‍ദ്ധനവ് ആവശ്യപ്പെട്ടുള്ള കെ.എസ്.ആര്‍.ടി.സി പണിമുടക്കില്‍ നിലപാട് കടുപ്പിച്ച് സര്‍ക്കാര്‍. പണിമുടക്കിനെ നേരിടാന്‍ സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു. പണിമുടക്ക് ദിവസം ജോലിക്ക് ഹാജരാകാത്ത തൊഴിലാളികളുടെ വേതനം നവംബര്‍ മാസത്തെ ശമ്പളത്തില്‍ നിന്ന് ഈടാക്കും.
ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സിയിലെ അംഗീകൃത ട്രേഡ് യൂണിയനുകള്‍ വ്യാഴാഴ്‌ച അര്‍ദ്ധരാത്രി മുതൽ ശനിയാഴ്‌ച വരെയാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. ഈ ദിവസങ്ങളില്‍ ഉദ്യോഗസ്ഥര്‍ ആരും ആസ്ഥാനം വിട്ടുപോകാന്‍ പാടില്ലെന്നും നാളെയും മറ്റന്നാളും ഒരു ഓഫിസറെങ്കിലും മുഴുവന്‍ സമയം ഓഫിസിലുണ്ടാകണമെന്നും കെ.എസ്.ആര്‍.ടി.സി ഡയറക്‌ടര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. സിവില്‍ സര്‍ജന്‍റ് റാങ്കില്‍ കുറയാത്ത മെഡിക്കല്‍ ഓഫിസര്‍ നല്‍കുന്ന മെഡിക്കല്‍ സാക്ഷ്യപത്രത്തിന്‍റെ അടിസ്ഥാനത്തിലല്ലാതെ യാതൊരുവിധ അവധിയും ജീവനക്കാര്‍ക്ക് നല്‍കില്ലെന്നും ഉത്തരവില്‍ പറയുന്നു.
യൂണിയനുകളുടെ നിലപാട് ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതിന് തുല്യമെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു പറഞ്ഞു. ജീവനക്കാരുടെ ആവശ്യങ്ങള്‍ തള്ളിയിട്ടില്ലെന്ന് ഗതാഗതമന്ത്രി വ്യക്തമാക്കി. ശമ്പള പരിഷ്‌കരണം സര്‍ക്കാരിന് പ്രതിമാസം 30 കോടിയോളം രൂപയുടെ അധിക ബാധ്യതയുണ്ടാക്കും. സമരത്തിന്‍റെ ഉദ്ദേശ ശുദ്ധി സംശയിക്കുന്നതായും ആന്‍റണി രാജു പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രിയും നടത്തിയ മന്ത്രിതല ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് തൊഴിലാളി യൂണിയനുകള്‍ നേരത്തെ പ്രഖ്യാപിച്ച പണിമുടക്കുമായി മുന്നോട്ട് പോയത്.
Also Read: കേന്ദ്രം എക്‌സൈസ് നികുതി കുറച്ചു; കേരളത്തിൽ പെട്രോൾ, ഡീസൽ വില കുറഞ്ഞു