ധർമജനും രമേഷ് പിഷാരടിയും മലയാള സിനിമാ ടെലിവിഷൻ രംഗത്തെ ഹാസ്യചക്രവർത്തിമാരാണ്. അടുത്ത സുഹൃത്തുക്കളും. ഇരുവരും ഒന്നിച്ചുള്ള ഹാസ്യ പരിപാടിക്ക് വലിയ ആരാധകവൃന്ദവുമുണ്ട്. ധർമജൻ നടനായി തിളങ്ങി നില്‍ക്കുമ്പോൾ രമേഷ് പിഷാരടി നടനില്‍ നിന്ന് ഒരു പടി കൂടി കടന്ന് സംവിധായകനുമായി. നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ധർമജനും രമേഷ് പിഷാരടിയും വീണ്ടും സജീവമാകുകയാണ്. ഇത്തവണ സ്റ്റേജിലും സ്ക്രീനിലും മാത്രമല്ല, ജനങ്ങൾക്കിടയിലേക്കാണ് ഇരുവരും ഇറങ്ങുന്നത്.
ധർമജൻ വളരെ നേരത്തെ തന്നെ രാഷ്ട്രീയ പ്രവേശനവും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിലെ നിലപാടും പ്രഖ്യാപിച്ചിരുന്നു. കോഴിക്കോട് ജില്ലയിലെ ബാലുശേരി മണ്ഡലത്തില്‍ കോൺഗ്രസ് സ്ഥാനാർഥിയായി ധർമജനെ പരിഗണിക്കുന്നു എന്ന തരത്തില്‍ വാർത്തകളും സജീവമാണ്. എറണാകുളം സ്വദേശിയായ ധർമജൻ ബാലുശേരിയിലെത്തി കോൺഗ്രസ് പ്രവർത്തകരെയും നേതാക്കളെയും കാണുന്നുണ്ട്. അതിനിടെയാണ് ധർമജന്‍റെ സുഹൃത്തായ രമേഷ് പിഷാരടിയും കോൺഗ്രസിനൊപ്പം ചേർന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയില്‍ രമേഷ് പിഷാരടി പങ്കെടുത്തു. പക്ഷേ ഇത്തവണ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നാണ് രമേഷ് പിഷാരടിയുടെ നിലപാട്. സംവിധായകൻ മേജർ രവി ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുത്ത ശേഷം പിഷാരടി കൂടി വരുന്നത് കോൺഗ്രസ് ക്യാമ്പിലും യുഡിഎഫിലും ആവേശം വർധിപ്പിക്കും.
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുള്ള ദിനങ്ങൾ അടുക്കുന്തോറും കേരളം പ്രതിപക്ഷ സമരത്തിന്‍റെ ചൂട് കൂടുതല്‍ അറിയുകയാണ്. സർക്കാരിന് എതിരെ ഏറ്റവും ഒടുവില്‍ കിട്ടിയ വജ്രായുധമായ നിയമന വിവാദം തലസ്ഥാനത്തെ വലിയ സമരങ്ങൾക്കാണ് വേദിയാക്കുന്നത്. ഉദ്യോഗാർഥികൾക്കൊപ്പം യൂത്ത് കോൺഗ്രസും യുവമോർച്ചയും സമരത്തിനുണ്ട്. യൂത്ത് കോൺഗ്രസിന് വേണ്ടി സെക്രട്ടേറിയറ്റിന് മുന്നില്‍ എംഎല്‍എമാരായ ഷാഫി പറമ്പിലും ശബരിനാഥനും സമരം നയിക്കുമ്പോൾ സെക്രട്ടേറിയറ്റ് മാർച്ചുമായാണ് യുവമോർച്ച എത്തുന്നത്.
പിഎസ്‌സി ഓഫീസിനു മുന്നിലും പ്രതിപക്ഷ സംഘടനകളുടെ സമരം ശക്തമാണ്. എന്നാല്‍ നിയമന വിവാദങ്ങളില്‍ പ്രതിപക്ഷ സമരത്തെ പ്രതിരോധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നേരിട്ട് രംഗത്ത് എത്തി. കണക്കുകൾ നിരത്തിയാണ് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തില്‍ പ്രതിരോധക്കോട്ട തീർത്തത്. പട്ടികയിലുള്ള എല്ലാവർക്കും നിയമനം നല്‍കുക അസാധ്യമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് അടുത്തപ്പോഴുള്ള പ്രതിപക്ഷത്തിന്‍റെ ഇരട്ടത്താപ്പ് ജനം തിരിച്ചറിയണമെന്നും പ്രതിപക്ഷത്തിന്‍റെ രാഷ്ട്രീയം ഉദ്യോഗാർഥികൾ മനസിലാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
എല്‍ഡിഎഫും യുഡിഎഫും നിയമന വിവാദത്തില്‍ തൂങ്ങിപ്പിടിക്കുമ്പോൾ ബിജെപിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾക്ക് രൂപം നല്‍കാൻ തൃശൂരില്‍ യോഗം ചേർന്നു. കേന്ദ്രമന്ത്രിയും കേരളത്തിന്‍റെ തെരഞ്ഞെടുപ്പ് ചുമതലയുള്ള പ്രഹ്ളാദ് ജോഷി യോഗത്തില്‍ പങ്കെടുത്തു. കേരളത്തിൽ ബിജെപി വളരുകയാണെന്ന് യോഗത്തിന് ശേഷം ജോഷി പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി അത്ഭുതകരമായ മാറ്റം കാഴ്ച്ചവെക്കുമെന്നും പ്രഹ്ളാദ് ജോഷി പറഞ്ഞു. സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ തെരഞ്ഞെടുപ്പില്‍ മത്സരിക്കണോയെന്ന് കോർ കമ്മിറ്റിയും കേന്ദ്ര നേതൃത്വവുമാണ് തീരുമാനിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് മുന്നൊരുക്കവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന യാത്ര ഈ മാസം 20 ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്യും.