തിരുവനന്തപുരം: കൊവിഡ് വ്യാപനം തടയുന്നതിനുള്ള നടപടികൾ കർശനമായി നടപ്പാക്കണമെന്ന് ജില്ലാ പൊലീസ് മേധാവികൾക്ക് ഡിജിപി ലോക്‌നാഥ് ബെഹറയുടെ നിർദേശം. രോഗ വ്യപനം തടയുന്നതിന്‍റെ ഭാഗമായി സാമൂഹ്യ അകലം പാലിക്കുന്നുണ്ടോയെന്ന് പൊലീസ് ഉറപ്പ് വരുത്തണമെന്ന് ഡിജിപി നിർദേശിച്ചു. ഒരോ ജില്ലയിലേയും സാഹചര്യങ്ങൾ വിലയിരുത്താൻ പൊലീസ് ആസ്ഥാനത്ത് പ്രത്യേക സംഘം പ്രവർത്തിക്കും. എല്ലാ ജില്ലകളിലും ഇത് പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കും.
ഇത് കൂടാതെ കടകളുടേയും സൂപ്പർ മാർക്കറ്റുകളുടേയും പ്രവർത്തനത്തിന് മാർഗനിർദേശവും ഡിജിപി പുറത്തിറക്കിയിട്ടുണ്ട്. സൂപ്പർ മാർക്കറ്റുകളിലും 100 സ്ക്വയർ ഫീറ്റുള്ള കടകളിലും ഒരു സമയം ആറ് പേരെയും 200 സ്ക്വയർ ഫീറ്റുള്ള കടകളിൽ 12 പേരെയും മാത്രമേ അനുവദിക്കൂ. എല്ലാ സ്ഥാപനങ്ങളിലും കൃത്യമായി വിവരങ്ങൾ ഉൾപ്പെടുത്തിയുള്ള നോട്ടീസ് പതിപ്പിക്കണം. ഈ നിർദേശങ്ങൾ പാലിക്കാത്ത വ്യാപാര സ്ഥാപനങ്ങൾ അടപ്പിക്കും.
ബാങ്കുകൾക്ക് മുന്നിലെ തിരക്ക് നിയന്ത്രിക്കാൻ ബാങ്കുകൾ ഇടപാടുകാർക്ക് മുൻകൂട്ടി സമയം നിശ്ചയിച്ചു നൽകണം. ഇക്കാര്യം ബാങ്ക് ജീവനക്കാർ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഡിജിപിയുടെ സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്. തിരുവനന്തപുരം നഗരസഭാ പരിധിയിലടക്കമുള്ള ലോക്ക് ഡൗൺ ഇന്ന് അവസാനിക്കാനിരിക്കെയാണ് ഡിജിപിയുടെ ഇടപെടൽ.