തിരുവനന്തപുരം: ആരാധനാലയങ്ങൾ തുറക്കാൻ സർക്കാർ അനുമതി നല്‍കിയതോടെ തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ ക്ഷേത്രങ്ങളില്‍ പുലർച്ചെ മുതല്‍ ഭക്തർക്ക് പ്രവേശനം അനുവദിക്കുമെന്ന് പ്രസിഡന്‍റ് എൻ.വാസു പറഞ്ഞു. കര്‍ശന നിബന്ധനകളോടെയാണ് പ്രവേശനം അനുവദിക്കുക. ക്ഷേത്ര പരിസരങ്ങളില്‍ 50 ആളുകളെ മാത്രമേ അനുവദിക്കൂ. കൂടുതല്‍ സമയം ഭക്തരെ ക്ഷേത്ര പരിസരങ്ങളില്‍ കൂട്ടം കൂടി നല്‍ക്കാന്‍ അനുവദിക്കില്ലെന്നും ദേവസ്വം പ്രസിഡന്‍റ് പറഞ്ഞു.
ഒരു സമയം ക്ഷേത്രത്തിനുള്ളില്‍ പത്ത് പേരെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ. ഭക്തര്‍ക്ക് വഴിപാടുകള്‍ നടത്താന്‍ സൗകര്യമുണ്ടായിരിക്കും. എന്നാല്‍ ക്ഷേത്രത്തില്‍ പ്രസാദം, തീര്‍ഥം, ചന്ദനം എന്നിവയുടെ വിതരണം ഉണ്ടായിരിക്കില്ല. സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ ശുദ്ധമാക്കിയ ശേഷമായിരിക്കും ഭക്തരെ ക്ഷേത്രത്തിനുള്ളിലേക്ക് കടത്തി വിടുക.
പത്ത് വയസിന് താഴെയും 65 വയസിന് മുകളിലും പ്രായമുള്ളവര്‍ ക്ഷേത്രദര്‍ശനത്തിന് വരരുത്. നിയന്ത്രണങ്ങളോടെ മാത്രമാണ് ഭക്തര്‍ക്ക് പ്രവേശനം എന്നകാര്യം എല്ലാവരും ഓര്‍ക്കണം. അതിനാല്‍ ഭക്തര്‍ കൂട്ടമായി ക്ഷേത്രത്തിലേക്ക് വരുന്നത് നിര്‍ബന്ധമായും ഒഴിവാക്കണം. മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാത്തവര്‍ക്കെതിരെ പൊലീസ് കേസ് രജിസറ്റര്‍ ചെയ്യുമെന്ന് ഇടിവി ഭാരതിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്‍റ് പറഞ്ഞു.