തിരുവനന്തപുരം: കത്ത് വിവാദത്തില്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരം നഗരസഭ കൗണ്‍സിലില്‍ നടന്ന സമരത്തിനിടെ ബിജെപി വനിത കൗണ്‍സിലര്‍മാര്‍ക്കെതിരെയുള്ള ഡി ആര്‍ അനിലിന്‍റെ പരാമര്‍ശത്തിനെതിരെ മുഖ്യമന്ത്രിക്കും സിപിഎം പാര്‍ട്ടി സെക്രട്ടറിക്കും പരാതി നല്‍കുമെന്ന് ബിജെപി. ഡി ആര്‍ അനില്‍ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയെന്നാണ് ആരോപണം. കൗണ്‍സിലില്‍ കഴിഞ്ഞ ദിവസം നടന്ന സംഘര്‍ഷത്തില്‍ കോണ്‍ഗ്രസും ബിജെപിയും പൊലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.
ഡി ആര്‍ അനിലിന്‍റെ പരാമര്‍ശത്തിനെതിരെയും കൗണ്‍സിലിലെ പൊലീസ് അതിക്രമത്തിലും പ്രതിഷേധിച്ചാണ് മാര്‍ച്ച്. മാനസിക വൈകൃതമുള്ളവര്‍ക്ക് ഉത്തരവാദിത്തപ്പെട്ട സ്ഥാനം നല്‍കുന്നതിന് മുന്‍പ് സിപിഎം ശ്രദ്ധിക്കണമെന്ന് ബിജെപി തിരുവനന്തപുരം ജില്ല പ്രസിഡന്‍റ് വി വി രാജേഷ് പറഞ്ഞു. സമരത്തെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താനാണ് സിപിഎം ശ്രമിക്കുന്നത്.
എന്നാല്‍ സിപിഎം സ്വന്തം പാര്‍ട്ടിയുടെ ചരിത്രം ഓര്‍ക്കണം. കത്ത് വിവാദവും കെട്ടിട നമ്പര്‍ തട്ടിപ്പുമുള്‍പ്പെടെയുള്ള അഴിമതികളില്‍ ബിജെപിയെ ഇതുവരെ ചര്‍ച്ചക്ക് വിളിച്ചിട്ടില്ല. സമരത്തെ ഇത്തരത്തില്‍ തളര്‍ത്തി കളയാമെന്ന് ആരും വിചാരിക്കണ്ടെന്നും സമരം നഗരസഭയുടെ പുറത്തേക്കും വ്യാപിപ്പിക്കുമെന്നും വി വി രാജേഷ് പറഞ്ഞു.
തിങ്കളാഴ്‌ച നടക്കുന്ന ബിജെപിയുടെ നേതൃയോഗത്തിലാണ് നഗരസഭയിലെ കത്ത് വിവാദവുമായി ബന്ധപ്പെട്ട ഭാവി സമരപരിപാടികള്‍ തീരുമാനിക്കുക. തുടര്‍ന്ന് നഗരസഭക്ക് പുറത്തേക്കും സമരപരിപാടികള്‍ വ്യാപിപ്പിക്കാനാണ് ബിജെപിയുടെ ആലോചന. അതേസമയം നഗരസഭ കവാടത്തിന് മുന്‍പിലെ ധര്‍ണ മേയര്‍ രാജിവയ്ക്കുന്നത് വരെ തുടരുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു.