തിരുവനന്തപുരം: സിപിഎമ്മിന്‍റെ വനിത സംഘടനയായ അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷന്‍റെ 13-ാം ദേശീയ സമ്മേളനം ജനുവരി 6 മുതൽ 9 വരെ തിരുവനന്തപുരത്ത് നടക്കും. 36 വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് മഹിള അസോസിയേഷന്‍റെ ദേശീയ സമ്മേളനത്തിന് തിരുവനന്തപുരം വേദിയാകുന്നത്.
രണ്ടാം ദേശീയ സമ്മേളനമാണ് ഇതിനുമുമ്പ് തിരുവനന്തപുരത്ത് നടന്നത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള പ്രതിനിധികള്‍ പങ്കെടുക്കും. 96,31,116 അംഗങ്ങളാണ് സംഘടനയ്ക്കുള്ളത്.'തുല്യതയ്ക്കായി യോജിച്ച പോരാട്ടം' എന്ന മുദ്രാവാക്യമാണ് ഇത്തവണത്തെ ദേശീയ സമ്മേളനം മുന്നോട്ടുവയ്ക്കുന്നത്.
ജനുവരി 6ന് നടക്കുന്ന പ്രതിനിധി സമ്മേളനം കലാമണ്ഡലം കൽപിത സർവകലാശാല ചാൻസലറും പ്രശസ്‌ത നർത്തകിയുമായ മല്ലിക സാരാഭായി ഉദ്ഘാടനം ചെയ്യും. ഭരണകൂട ഭീകരതയ്ക്ക് ഇരയായ ടീസ്‌ത സെതൽവാദും ചെഗുവേരയുടെ മകൾ അലൈഡ ഗുവേരയും ചെറുമകൾ മാച്ചിൻ ഗുവേരയും സമ്മേളനത്തിന്‍റെ ഭാഗമാകും.
ഒരു ലക്ഷം സ്ത്രീകളെ പങ്കെടുപ്പിച്ചുള്ള പ്രകടനത്തോടെയും പൊതുസമ്മേളനത്തോടെയുമാണ് സമ്മേളനം സമാപിക്കുക. സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.