തിരുവനന്തപുരം: വാളയാർ പെൺകുട്ടികൾക്ക് നീതി തേടി മാതാപിതാക്കൾ സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധ സമരം നടത്തി. കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം നൽകാനുള്ള സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ചായിരുന്നു സമരം. കേസ് അന്വേഷിച്ച വാളയാർ മുൻ എസ് ഐ പി.സി ചാക്കോ, ഡിവൈഎസ്‌പി സോജൻ എന്നിവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെടുന്നു. നീതി കിട്ടുന്നത് വരെ സമരം തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു വഞ്ചിച്ചെന്നും മാതാപിതാക്കൾ പറഞ്ഞു.
മുഖ്യമന്ത്രി പെൺകുട്ടികളുടെ കുടുംബത്തെ വഞ്ചിച്ചുവെന്ന് സമരത്തെ അഭിസംബോധന ചെയ്‌ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. യുപിയിലെ സംഭവത്തോടൊപ്പം ചേർത്ത് വായിക്കേണ്ടതാണ് വാളയാർ സംഭവം. യോഗിയും പിണറായിയും ഒരേ പാതായിലാണെന്നും ചെന്നിത്തല പറഞ്ഞു. മാതാപിതാക്കളുടെ നേതൃത്വത്തിൽ നീതി തേടി കഴിഞ്ഞ മാസം കൊച്ചിയിലും സമരം നടത്തിയിരുന്നു. വീഴ്‌ച വരുത്തിയ ഡിവൈഎസ്‌പി സോജന് ഐപിഎസ് നൽകാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇതേ തുടർന്നാണ് സമരം ശക്തമാക്കാനുള്ള തീരുമാനം.