തിരുവനന്തപുരം: സിപിഎം മന്ത്രിമാരുടെ കാര്യത്തില്‍ ഇന്ന് തീരുമാനം. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ആരെല്ലാം മന്ത്രിമാരാകണം എന്ന് ഇന്ന് ചര്‍ച്ച ചെയ്യും. സത്യപ്രതിഞ്ജ എന്ന് വേണമെന്നതിലും ഇന്നത്തെ സെക്രട്ടേറിയറ്റ് യോഗം ചര്‍ച്ച ചെയ്യും.
സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ.കെ.ശൈലജ, എം.എം.മണി, ടി.പി. രാമകൃഷ്ണന്‍ എന്നിവര്‍ മന്ത്രിസഭയില്‍ ഉണ്ടാകുമെന്നുറപ്പാണ്. ഇവരെ കൂടാതെ സെക്രട്ടേറിയറ്റ് അംഗങ്ങളായ എം.വി.ഗോവിന്ദന്‍, കെ.രാധാകൃഷ്ണന്‍, പി.രാജീവ്, കെ.എന്‍ ബാലഗോപാല്‍ എന്നിവരും മന്ത്രിസഭയിലേക്ക് എത്തിയേക്കാം.
വനിത പ്രാതിനിധ്യം വര്‍ധിപ്പിക്കുകയാണെങ്കില്‍ വീണാ ജോര്‍ജിനും സാധ്യതയുണ്ട്. സംസ്ഥാന സമിതി അംഗങ്ങളായ കടകംപള്ളി സുരേന്ദ്രന്‍, എം.ബി.രാജേഷ് എന്നിവരും മന്ത്രിസ്ഥാനം പ്രതീക്ഷിക്കുന്നുണ്ട്. കെ.ടി ജലീലിനേയും, വീണ ജോര്‍ജിനെയും സ്പീക്കര്‍ സ്ഥാനത്തേക്കും ചര്‍ച്ചയിലുണ്ട്.
ഇതുകൂടാതെ, ഘടകകക്ഷികള്‍ക്ക് മന്ത്രിസ്ഥാനം നല്‍കുന്നതും സിപിഎം ചര്‍ച്ച ചെയ്യും. സിപിഐയ്ക്ക് നാല് മന്ത്രിസ്ഥാനവും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനവും ഉറപ്പിച്ചിട്ടുണ്ട്. ഇതു കൂടാതെ മറ്റ് ഘടകക്ഷികള്‍ക്കുള്ള മന്ത്രിസ്ഥാനം സംബന്ധിച്ചും ഇന്നത്തെ സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്യും. സെക്രട്ടേറിയറ്റ് ധാരണയുടെ അടിസ്ഥാനത്തിലാകും ഘടകക്ഷികളുമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ സിപിഎം നടത്തുക.