തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ ബസുകളുടെ പെര്‍മിറ്റ് കാലാവധി വര്‍ദ്ധിപ്പിച്ചു. നിലവിലെ അഞ്ച് വർഷത്തിൽ നിന്ന് ഏഴു വർഷമാക്കിയാണ് കാലാവധി ഉയർത്തിയത്. കഴിഞ്ഞ ദിവസമാണ് കെ.എസ്.ആർ.ടി.സി ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്. അഞ്ച് വർഷം കാലാവധി പൂർത്തിയാക്കിയ ബസുകളുടെ പെർമിറ്റുകൾ അതത് ആർ.ടി.ഒകൾ വഴി പുതുക്കി വീണ്ടും നിരത്തിലിറക്കാനാണ് തീരുമാനം.
അഞ്ച് വര്‍ഷം കാലാവധി തീരുന്ന ബസുകൾക്ക് പകരം വാടക ബസുകൾ ഇറക്കാൻ മാനേജ്മെന്‍റ് നേരത്തെ ആലോചിച്ചിരുന്നു. ഇതിനെതിരെ വ്യാപകമായ എതിര്‍പ്പാണ് ഉണ്ടായത്. അഞ്ച് വര്‍ഷം കാലാവധി തീര്‍ന്ന സുപ്പര്‍ ഫാസ്റ്റ് ബസുകള്‍ ഓര്‍ഡിനറിയായാണ് പീന്നീട് സര്‍വീസ് നടത്താറുള്ളത്. കഴിഞ്ഞ കുറേ നാളുകളായി കെ.എസ്.ആര്‍.ടി.സി പുതിയ ബസുകള്‍ വാങ്ങാറില്ല. ശബരിമല സീസണിലും പുതിയ ബസുകള്‍ ഇറക്കിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് കാലാവധി നീട്ടി നൽകാൻ തീരുമാനിച്ചത്.
കിഫ്ബി വഴി പുതിയ ബസുകൾ വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിലും നിർമാണം പൂർത്തിയാക്കിയ ബസുകൾ വാങ്ങണോ, ഷാസി വാങ്ങി ബോഡി നിർമിക്കണോ എന്ന കാര്യത്തിലും തീരുമാനമായിട്ടില്ല. ബോഡി നിർമിക്കാൻ വർക് ഷോപ്പുകളിൽ ജീവനക്കാരില്ലെന്നതും പ്രശ്നമാകുന്നുണ്ട്. താത്കാലിക തൊഴിലാളികളെയെല്ലാം നേരത്തെ പിരിച്ചുവിട്ടിരുന്നു. മാത്രമല്ല തിരുവനന്തപുരം പാപ്പനംകോടുള്ള സെൻട്രൽ വർക്ക്ഷോപ്പിൽ മാത്രമാണ് ബോഡി നിർമിക്കാൻ അനുമതിയുള്ളത്. അതിനാല്‍ തന്നെ ബോഡിേയാട് കൂടിയ ബസുകള്‍ വാങ്ങാനാണ് മാനേജ്മെന്‍റിന് താല്‍പര്യം. എന്നാല്‍ യൂണിറ്റുകളുടെ എതിര്‍പ്പാണ് തീരുമാനം വൈകിപ്പിക്കുന്നത്.