തിരുവനന്തപുരം : ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് മുറുകുന്നതിനിടെ നിയമസഭയില്‍ ഗവര്‍ണറെ വെട്ടാന്‍ പുതിയ തന്ത്രമൊരുക്കി സര്‍ക്കാര്‍. ഡിസംബര്‍ 13ന് പൂര്‍ത്തിയായ 15-ാം കേരള നിയമസഭയുടെ ഏഴാം സമ്മേളനം അവസാനിച്ചതായി ഗവര്‍ണറെ അറിയിക്കാതെ സമ്മേളനം വീണ്ടും തുടരും. ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് സമ്മേളനം വീണ്ടും ചേരാന്‍ തീരുമാനിച്ചത്.
ഗവര്‍ണറെ അറിയിക്കാതെ: സമ്മേളനം വീണ്ടും ചേരുന്നതോടെ 2023-24 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരണത്തിന് മുന്നോടിയായുള്ള ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കാന്‍ സര്‍ക്കാരിനാകും. ഈ സമ്മേളനത്തില്‍ തന്നെ ബജറ്റും അവതരിപ്പിക്കും. സംസ്ഥാന ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരിക്കല്‍ അവസാനിച്ച സമ്മേളനം അവസാനിച്ചതായി ഗവര്‍ണറെ അറിയിക്കാതെ വീണ്ടും ചേര്‍ന്ന് നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കുന്നത്.
1996-2001 കാലത്ത് അധികാരത്തിലിരുന്ന നായനാര്‍ സര്‍ക്കാര്‍ അന്നത്തെ ഗവര്‍ണര്‍ രാംദുലാരി സിന്‍ഹയുടെ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കിയിരുന്നെങ്കിലും ഡിസംബര്‍ അവസാന വാരം തുടങ്ങിയ സമ്മേളനം ഇടയ്ക്ക് നിര്‍ത്താതെ ജനുവരിയിലേക്ക് തുടരുകയായിരുന്നു. സര്‍വകലാശാല വി.സി നിയമനങ്ങളുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് എതിരെ പരസ്യ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്ത് എത്തിയതോടെയാണ് സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് മുറുകി തുടങ്ങിയത്.
ബില്ലും പാസാക്കി: പോര് മൂര്‍ച്ഛിക്കുന്നതിനിടെ ഗവര്‍ണറുടെ ചിറകരിയാന്‍ 14 സര്‍വകലാശാലകളിലെയും ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ നീക്കം ചെയ്‌തുകൊണ്ടുള്ള ബില്‍ സര്‍ക്കാര്‍ ഡിസംബര്‍ 13ന് നിയമസഭയില്‍ അവതരിപ്പിച്ച് പാസാക്കി. ഇതിന്‍റെ ആഘാതം മാറും മുന്‍പാണ് വര്‍ഷാദ്യ സമ്മേളനത്തില്‍ സര്‍ക്കാരിന്‍റെ നയപ്രഖ്യാപന പ്രസംഗം വായിക്കുന്നതില്‍ നിന്ന് ഗവര്‍ണറെ ഒഴിവാക്കാന്‍ സഭാസമ്മേളനം നീട്ടുക എന്ന, ചട്ടങ്ങളിലെ പഴുത് സര്‍ക്കാര്‍ പ്രയോഗിക്കുന്നത്.
അതേസമയം ഇപ്പോഴത്തെ സമ്മേളനം അവസാനിച്ചശേഷം പുതിയ ഒരു സമ്മേളനത്തിന് ഗവര്‍ണര്‍ വിജ്ഞാപനം ഇറക്കുമ്പോള്‍ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കാനാകില്ലെന്ന് വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ തത്കാലം ഗവര്‍ണറെ നിയമസഭയുടെ പടിക്കുപുറത്ത് നിര്‍ത്താമെങ്കിലും അടുത്ത പുതിയ സമ്മേളനത്തില്‍ ഗവര്‍ണറെ മുഖ്യമന്ത്രിയും സ്‌പീക്കറും ചേര്‍ന്ന് സഭയ്‌ക്ക് അകത്തേക്ക് ക്ഷണിച്ചുകൊണ്ടുവരേണ്ടിവരും. നയപ്രഖ്യാപന പ്രസംഗമില്ലാതെ സഭാസമ്മേളനം തുടരുന്നതിലും പിന്നീട് നടക്കുന്ന പുതിയ സമ്മേളനത്തില്‍ അത് നടത്തേണ്ടി വരുന്നതിലും പ്രതിപക്ഷത്തിന്‍റെ പരിഹാസം സര്‍ക്കാര്‍ നേരിടേണ്ടിയും വരും.