തിരുവനന്തപുരം: ദിവസങ്ങള്‍ നീണ്ട മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ ഡിസിസി അധ്യക്ഷന്മാരുടെ അന്തിമ സാധ്യത പട്ടികയായി. കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ചര്‍ച്ച ചെയ്‌ത് നിശ്ചയിച്ച പേരുകള്‍ക്കെതിരെ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും കടുത്ത പ്രതിഷേധമുയര്‍ത്തിയിരുന്നു. ഇതേ തുടർന്ന് സുധാകരന്‍റെ ലിസ്റ്റ് അതേപടി അംഗീകരിക്കാന്‍ ഹൈക്കമാന്‍ഡ് തയ്യാറായില്ല.
Also Read: കൊവിഡ് പ്രതിരോധം: വിവാദങ്ങൾ ആശയക്കുഴപ്പമുണ്ടാക്കാൻ, വിശദീകരണവുമായി മുഖ്യമന്ത്രി
ഡി.സി.സി പ്രസിഡന്‍റുമാരെ നിശ്ചയിക്കുന്നത് സംബന്ധിച്ച് ഹൈക്കമാന്‍ഡുമായി നടന്ന ചര്‍ച്ചകളില്‍ കെ.സുധാകരന്‍ പൂര്‍ണമായും ഒറ്റപ്പെടുന്ന സാഹചര്യമുണ്ടായിരുന്നു. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും സുധാകരനെതിരെ നിലയുറപ്പിച്ചതും വര്‍ക്കിങ് പ്രസിഡന്‍റുമാരായ ടി.സിദ്ദിഖ്, പി.ടി.തോമസ്, കൊടിക്കുന്നില്‍ സുരേഷ് എന്നിവരും വി.ഡി.സതീശനും നിഷ്‌പക്ഷത പുലര്‍ത്തിയതും സുധാകരനെ ഒറ്റപ്പെടുത്തി.
കണ്ണൂരില്‍ സ്വന്തക്കാരനായ മാര്‍ട്ടിന്‍ ജോര്‍ജിനെ പ്രസിഡന്‍റ് പട്ടികയില്‍ ഒന്നാമനാക്കാൻ ആയതു മാത്രമാണ് സുധാകരന്‍റെ നേട്ടം. അവസാന സാധ്യത പട്ടികയില്‍ ഉമ്മന്‍ചാണ്ടി പക്ഷത്തിനാണ് മുന്‍ തൂക്കം. നേരത്തേ ഐ ഗ്രൂപ്പിന്‍റെ കുത്തകയായിരുന്ന തിരുവനന്തപുരത്ത് ഉമ്മന്‍ചാണ്ടി പക്ഷക്കാരനായ പാലോട് രവിയാണ് അവസാനം ഇടം പിടിച്ചത്.
എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന് രണ്ടു ഡി.സി.സി പ്രസിഡന്‍റുമാരെ കിട്ടി. വെള്ളിയാഴ്‌ചയോടെ അന്തിമ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. മുന്‍ ഡി.സി.സി പ്രസിഡന്‍റുമാരെ പരിഗണിക്കേണ്ടെന്ന ധാരണയും പാലിക്കാനായില്ല. വയനാട്ടിലെ അന്തിമ പട്ടികയിൽ നേരത്തെ ഡി.സി.സി പ്രസിഡന്‍റായിരുന്ന എന്‍.ഡി അപ്പച്ചന്‍ ഇടം പിടിച്ചിട്ടുണ്ട്.
അന്തിമ സാധ്യത പട്ടികയില്‍ ഇടം പിടിച്ചവര്‍
തിരുവനന്തപുരം- പാലോട് രവി (എ ഗ്രൂപ്പ്), കൊല്ലം-പി.രാജേന്ദ്രപ്രസാദ് (കൊടിക്കുന്നില്‍ സുരേഷ്), പത്തനംതിട്ട-സതീഷ് കൊച്ചു പറമ്പില്‍ (എ ഗ്രൂപ്പ്), ആലപ്പുഴ-കെ.പി.ശ്രീകുമാര്‍ (കെ.സി.വേണുഗോപാല്‍), കോട്ടയം-ഫില്‍സണ്‍ മാത്യു (എ ഗ്രൂപ്പ്), ഇടുക്കി - എസ്.അശോകന്‍ (പി.ടി.തോമസ്), എറണാകുളം - മുഹമ്മദ് ഷിയാസ് (വി.ഡി.സതീശന്‍), തൃശൂര്‍ - ജോസ് വള്ളൂര്‍ (ഐ ഗ്രൂപ്പ്), പാലക്കാട് - എ.തങ്കപ്പന്‍ (കെ.സി.വേണുഗോപാല്‍), മലപ്പുറം - വി.എസ്.ജോയ് (എ ഗ്രൂപ്പ്), കോഴിക്കോട് - കെ. പ്രവീണ്‍കുമാര്‍ (കെ. മുരളീധരന്‍), വയനാട് - എന്‍.ഡി.അപ്പച്ചന്‍ (ഐ ഗ്രൂപ്പ്), കണ്ണൂര്‍ - മാര്‍ട്ടിന്‍ ജോര്‍ജ് (കെ.സുധാകരന്‍), കാസര്‍കോട് - പി.കെ.ഫൈസല്‍ (രാജ്‌മോഹന്‍ ഉണ്ണിത്താന്‍).