തിരുവനന്തപുരം: പ്രമേഹരോഗികളിൽ ഹൃദ്രോഗ അപകടസാധ്യത ഉയര്‍ത്തുന്ന പ്രോട്ടീനെക്കുറിച്ചുള്ള ഗവേഷണ ഫലം പുറത്ത്. തിരുവനന്തപുരം രാജിവ് ഗാന്ധി സെന്‍റര്‍ ഫോർ ബയോടെക്‌നോളജിയിലെ (ആർ.ജി.സി.ബി) ഗവേഷകരാണ് ഇതിനു പിന്നില്‍. 'സൈക്ലോഫിലിൻ എ' എന്ന പ്രോട്ടീന്‍റെ പ്രവര്‍ത്തനമാണ് അപകടത്തിലേക്ക് നയിക്കുന്നതെന്നാണ് കണ്ടെത്തല്‍.
'രക്തം കട്ടപിടിയ്‌ക്കുന്നതിന് കാരണമാവുന്നു'
അനുയോജ്യമായ മരുന്ന് ഉപയോഗിച്ച് ഈ പ്രോട്ടീന്‍റെ പ്രവർത്തനം നിയന്ത്രിക്കുന്നതിലൂടെ ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ കഴിയും. ധമനികളുടെ ഭിത്തികളിൽ കൊളസ്‌ട്രോൾ അടിഞ്ഞുകൂടുകയും തുടര്‍ന്നുണ്ടാകുന്ന വിള്ളൽ മൂലം ഹൃദയാഘാതം ഉണ്ടാകുന്നു. രക്തം കട്ടപിടിയ്‌ക്കുകയും ഹൃദയപേശികളിലേക്കുള്ള രക്തയോട്ടം പൂർണമായും തടസപ്പെടുകയും ചെയ്യുന്നതാണ് ഹൃദയാഘാതത്തിന് കാരണമാവുന്നത്.
സൈക്ലോഫിലിൻ എ ഇൻഹിബിറ്ററുകൾക്ക് ഹൃദയാഘാത സാധ്യത കുറയ്ക്കാൻ കഴിയുമെന്ന് ആർ.ജി.സി.ബിയിലെ കാർഡിയോ വാസ്‌കുലാർ ഡിസീസസ് ആൻഡ് ഡയബറ്റിസ് ബയോളജി ലാബിലെ പ്രോഗ്രാം സയന്‍റിസ്‌റ്റായ ഡോ. സൂര്യ രാമചന്ദ്രൻ പറയുന്നു. പ്രമേഹ രോഗികളിൽ രക്തക്കുഴലുകളുടെ വീക്കം കണ്ടെത്തുന്നതിന്‍റെ ഭാഗമായാണ് ഇത് വികസിപ്പിച്ചെടുത്തത്.
അപകടമൊഴിവാക്കാന്‍ സൈക്ലോഫിലിൻ ഇൻഹിബിറ്ററുകള്‍
സൈക്ലോഫിലിന്‍റെ പങ്കിനെക്കുറിച്ചുള്ള കണ്ടെത്തലുകൾ ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് അടിസ്ഥാനമായ തന്മാത്ര സംവിധാനങ്ങളെക്കുറിച്ച് കൂടുതൽ മനസിലാക്കാൻ സഹായിക്കുമെന്ന് ആർ.ജി.സി.ബി ഡയറക്ടർ പ്രൊഫ. ചന്ദ്രഭാസ് നാരായണ പറയുന്നു. അപകടസാധ്യത കണ്ടെത്തുന്നതിനും പുതിയ ഫാർമക്കോളജിക്കൽ തെറാപ്പി വികസിപ്പിക്കുന്നതിനും സഹായിക്കും. മൃതകോശങ്ങളും അവശിഷ്ടങ്ങളും ഒഴിവാക്കി പോകുന്നത് ഹൃദയസംബന്ധമായ അപകടസാധ്യതയുള്ള രോഗികളിൽ വീക്കം പരിഹരിക്കുന്നതിന് സഹായിക്കും.
മരത്തിൽ നിന്ന് ഇലകൾ വീഴുന്നതുപോലെ സ്വാഭാവികമായ പ്രക്രിയയാണ് ഇത്. ഈ പ്രക്രിയയെ അപ്പോപ്റ്റോസിസ് എന്ന് വിളിക്കുന്നു. 'കൊഴിഞ്ഞുവീഴുക' എന്നർഥമുള്ള ലാറ്റിൻ പദത്തിൽ നിന്നാണ് പേര് വന്നത്. മൃതകോശങ്ങളെ നീക്കം ചെയ്യുന്നത് ഒരു തരം വെളുത്ത രക്താണുക്കളായ മാക്രോഫേജുകളാണ്.
ALSO READ: പത്ത് ദിവസത്തിന് ശേഷവും കൊറോണ വൈറസ് ശരീരത്തിൽ 'സജീവമായി' തുടരും: പുതിയ പഠനം
സൈക്ലോഫിലിൻ എ മാക്രോഫേജുകളുടെ സ്വാഭാവിക പ്രക്രിയയെ തടസപ്പെടുത്തുന്നു. ഇങ്ങനെയാണ് അപകടം ഉയര്‍ത്തുന്നത്. സൈക്ലോഫിലിൻ ഇൻഹിബിറ്ററുകള്‍ കാൻസർ, വൈറൽ അണുബാധകൾ, ന്യൂറോ ഡിജനറേഷൻ എന്നിവ ഭേദമാക്കുന്നതില്‍ പ്രയോജനമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ഡോ.സൂര്യ രാമചന്ദ്രൻ പറയുന്നു.