തിരുവനന്തപുരം: ടൗട്ട ചുഴലിക്കാറ്റ് 24 മണിക്കൂറിനുള്ളില്‍ രൂപപ്പെടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അറബിക്കടലില്‍ ലക്ഷദ്വീപിനടുത്ത് രൂപപ്പെട്ട ന്യൂനമര്‍ദം 24 മണിക്കൂറിനുള്ളില്‍ ടൗട്ട ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയെന്നാണ് മുന്നറിയിപ്പ്. പന്ത്രണ്ട് മണിക്കൂറിനുളളില്‍ ഇത് അതിതീവ്ര ന്യൂനമര്‍ദമായി മാറും.
കേരളത്തിന് സമാന്തരമായാണ് ന്യൂനമര്‍ദത്തിന്‍റെ സഞ്ചാരപാത. വടക്കന്‍ കേരളത്തിനും വടക്കന്‍ കര്‍ണാടകയ്ക്കും ഇടയില്‍ വച്ച് ഇത് ചുഴലിക്കാറ്റായി മാറും.കേരളത്തില്‍ നേരിട്ട് ചുഴലിക്കാറ്റിന്‍റെ സഞ്ചാര പാതയില്ല. എന്നാല്‍ അതിതീവ്ര ന്യൂനമര്‍ദത്തിന്‍റെ സ്വാധീനം കേരളത്തിലുണ്ടാകും. അതുകൊണ്ട് തന്നെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മധ്യ കേരളത്തിലും വടക്കന്‍ കേരളത്തിലുമാകും സ്വാധീനം വര്‍ധിക്കുക.
കൂടുതൽ വായിക്കാന്‍: കേരളത്തില്‍ അതിതീവ്ര മഴയ്‌ക്ക് സാധ്യത: ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി
ഗുജറാത്ത് തീരത്തേക്കാണ് ചുഴലിക്കാറ്റിന്‍റെ സഞ്ചാര പാത. മൂന്ന് ദിവസത്തേക്കാണ് കേരളത്തില്‍ ഈ പ്രകൃതിപ്രതിഭാസം ആശങ്ക സൃഷ്ടിക്കുക. വടക്ക് ഭാഗത്തേക്ക് ന്യൂനമര്‍ദം സഞ്ചരിക്കുന്നതായാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. വരും മണിക്കൂറുകളില്‍ മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലുമാകും മഴ ശക്തമാകുന്നത്. 24 മണിക്കൂറില്‍ 204 മില്ലി മീറ്ററിന് മുകളില്‍ മഴ പെയ്യുമെന്നാണ് വിലയിരുത്തല്‍.