തിരുവനന്തപുരം: ബുറെവി ന്യൂനമര്‍ദമായി മാന്നാര്‍ ഉള്‍ക്കടലില്‍ തുടരുന്നു. വൈകിട്ടോടെ തമിഴ്നാട് തീരങ്ങളില്‍ എത്തുമെന്ന് സൂചന. തീവ്രത കുറഞ്ഞ ന്യൂനമര്‍ദമായാണ് കേരളത്തിൽ എത്തുക. ഇന്ന് ബുറെവി ചുഴലിക്കാറ്റ് കേരളത്തിൽ എത്തുമെന്നാണ് കാലവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.
കേരളത്തിൽ എത്തുന്ന കാറ്റ് തിരുവനന്തപുരം ജില്ലയിലെ പൊന്മുടി, ആറ്റിങ്ങൽ, വർക്കല തുടങ്ങിയ പ്രദേശങ്ങളിലൂടെ കടന്ന് പോകുമെന്നാണ് നിലവിൽ നൽകുന്ന മുന്നറിയിപ്പ്. ഇതിന്‍റെ അടിസ്ഥാനത്തിൽ പൊൻമുടിയിലെ ലയങ്ങളിലെ താമസക്കാരെ ആനപ്പാറ ഹൈസ്കൂളിലേക്കും വിതുര ഹൈ സ്കൂളിലേക്കും മാറ്റി പാർപ്പിച്ചു. ബുറെവി ചുഴലിക്കാറ്റിന്‍റെ സഞ്ചാരപഥത്തിലുള്ള അഞ്ച് ജില്ലകളിൽ പൊതു മേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള ഓഫീസുകൾക്ക് സർക്കാർ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് പൊതു അവധി. പിഎസ്‌സി നടത്താനിരുന്ന അഭിമുഖ പരീക്ഷകളും മാറ്റിവച്ചു. എന്നാൽ അവധി ദുരന്ത നിവാരണം, അവശ്യ സർവീസുകൾ, തെരഞ്ഞെടുപ്പ് ചുമതലകൾ എന്നിവയ്ക്ക് അവധി ബാധകമായിരിക്കില്ല. മത്സ്യ ബന്ധനത്തിനുള്ള നിരോധനവും സംസ്ഥാനത്ത് തുടരും.
അതേസമയം, ബുറെവി ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അടച്ചു. രാവിലെ 10 മുതൽ വൈകിട്ട് ആറ് മണി വരെയാണ് അടച്ചിടുക. വിമാനത്താവള പ്രവർത്തനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് തീരുമാനം. ചുഴലിക്കാറ്റിന്‍റെ ശക്തി ക്ഷയിക്കുന്ന പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന റെഡ്, ഓറഞ്ച് അലർട്ടുകൾ പിൻവലിച്ചു. നിലവിൽ പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് മാത്രമാണ് ഉള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട്. ശനിയാഴ്‌ചയും ഈ ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. ഇന്നലെ രാത്രിയോടെയാണ് മാന്നാർ തീരത്ത് നിന്ന് തമിഴ്നാട് തീരത്തേക്ക് നീങ്ങിയ ബുറെവി ശക്തി കുറഞ്ഞ് ന്യൂനമർദമായി മാറിയത്.