തിരുവനന്തപുരം: ഡോളര്‍ കടത്തു കേസില്‍ കേരള നിയമസഭാ സപീക്കര്‍ പി.ശ്രീരാമകൃഷ്‌ണനെ കസ്റ്റംസ് ചോദ്യം ചെയ്‌തു. തിരുവനന്തപുരത്തെ സ്‌പീക്കറുടെ ഔദ്യോഗിക വസതിയിലെത്തിയായിരുന്നു ചോദ്യം ചെയ്യല്‍. ഇന്നലെ ഉച്ചയോടെ എത്തിയ കസ്റ്റംസ് സംഘം നാലു മണിക്കൂറോളം ആണ് സ്‌പീക്കറെ ചോദ്യം ചെയ്‌തത്. കസ്റ്റംസ് ചോദ്യം ചെയ്യല്‍ നടന്നു എന്ന കാര്യം സ്‌പീക്കറുടെ ഓഫീസ് സ്ഥിരീകരിച്ചു. ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയെന്നും സ്പീക്കറുടെ ഓഫീസ് അറിയിച്ചു.
ഡോളര്‍ കടത്തു കേസില്‍ സ്വപ്‌ന സുരേഷിന്‍റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നു കാട്ടി മൂന്നു തവണ കസ്റ്റംസ് സ്‌പീക്കര്‍ക്കു നോട്ടീസ് നല്‍കിയെങ്കിലും വിവിധ കാരണങ്ങള്‍ പറഞ്ഞു സ്‌പീക്കര്‍ ഹാജരാകാന്‍ തയ്യാറായിരുന്നില്ല. ഇതിനിടയിലാണ് കൊച്ചി കസ്റ്റംസ് സൂപ്രണ്ട് സലിലിന്‍റെ നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലെത്തി സ്‌പീക്കറെ ചോദ്യം ചെയ്‌തത്.
തിരുവനന്തപുരം യു.എ.ഇ കോണ്‍സുലേറ്റിലെ ഫിനാന്‍സ് വിഭാഗം മുന്‍തലവന്‍ ഖാലിദ് അലി ഷൗക്രി 1.90 ലക്ഷം യു.എസ്. ഡോളര്‍ മസ്‌കറ്റ് വഴി കെയ്‌റോയിലേക്ക് കടത്തിയെന്നാണ് കസ്റ്റംസിന്‍റെ കണ്ടെത്തല്‍. ഈ സംഭവത്തില്‍ സ്‌പീക്കര്‍ പി.ശ്രീരാമകൃഷ്‌ണന് പങ്കുണ്ടെന്ന് സ്വര്‍ണക്കടത്തു കേസിലെ മുഖ്യപ്രതി സ്വപ്‌നാ സുരേഷ് രഹസ്യമൊഴി നല്‍കിയതായി കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. നയതന്ത്ര ബാഗേജുവഴി നടന്ന ഡോളര്‍ കടത്തു സംഘത്തെ സ്വപ്‌ന സുരേഷ് അനുഗമിച്ചിരുന്നതായും ഇത് വടക്കാഞ്ചേരി ലൈഫ് പദ്ധതി ലഭിച്ചതിനുള്ള കമ്മിഷനായി നിര്‍മ്മാണ കരാര്‍ ലഭിച്ച സന്തോഷ് ഈപ്പന്‍ നല്‍കിയതാണെന്നും ആണ് സ്വപ്‌നയുടെ രഹസ്യ മൊഴി.