തിരുവനന്തപുരം : സ്വര്‍ണം കടത്താന്‍ കൂട്ട് നിന്ന കസ്റ്റംസ് ഉദ്യോഗസ്ഥരെ ഡി ആര്‍ ഐ കസ്റ്റഡിയില്‍ വാങ്ങും. അനീഷ്(48), നിതിന്‍ (35) എന്നീ കസ്റ്റംസ് ഉദ്യോഗസ്ഥരെയാണ് ഡി ആർ ഐ അറസ്‌റ്റ് ചെയ്‌തിട്ടുള്ളത്. നിലവില്‍ ഇവരെ എറണാകുളം കാക്കനാട് ജയിലിലാണ് പാര്‍പ്പിച്ചിട്ടുള്ളത്.
സ്വര്‍ണക്കടത്തില്‍ ഇരുവരുടെയും പങ്കിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനായി ചോദ്യം ചെയ്യാനാണ് ഡയറക്‌ടറേറ്റ് ഓഫ് റവന്യു ഇന്‍റലിജന്‍സ് (ഡി ആര്‍ ഐ) കസ്റ്റഡിയില്‍ വാങ്ങുന്നത്. ഇന്നലെയായിരുന്നു തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച കസ്റ്റംസ് ഉദ്യോഗസ്ഥരെ ഡി ആര്‍ ഐ അറസ്റ്റ് ചെയ്യുന്നത്. ഇരുവരും തിരുവനന്തപുരം വിമാനത്താവളത്തില്‍ തന്നെ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരായിരുന്നു.
അനീഷിന്‍റെ അറിവോടെ പല തവണ കടത്ത് : അന്വേഷണ ഘട്ടത്തിൽ അനീഷിന്‍റെ അറിവോടെ പല തവണയായി സ്വര്‍ണക്കടത്ത് നടത്തിയിട്ടുള്ളതായി അബുദാബിയില്‍ നിന്നെത്തിയ രണ്ടു പേര്‍ കസ്റ്റംസ് അസിസ്റ്റന്‍റ് കമ്മിഷണരെ രേഖാമൂലം അറിയിച്ചിരുന്നു. ഇതോടെയാണ് സ്വര്‍ണക്കടത്തില്‍ ഇവരുടെ പങ്ക് പുറത്ത് വന്നത്. ഈ മാസം നാലിന് പുലര്‍ച്ചെ അബുദാബിയില്‍ നിന്നെത്തിയ വിമാനത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച രണ്ട് പേരെ ഡി ആർ ഐ പിടികൂടിയിരുന്നു. ഡി ആര്‍ ഐ നടത്തിയ മിന്നല്‍ പരിശോധനയിലായിരുന്നു ഇവരെ പിടികൂടിയത്.
പരാതിയ്‌ക്കൊപ്പം ഡിജിറ്റൽ തെളിവുകളും : ഈ സംഭവത്തിന് പുറകെ ജൂണ്‍ ആറിനായിരുന്നു അബുദാബിയില്‍ നിന്നെത്തിയ രണ്ട് പേര്‍ കസ്റ്റംസ് ഉദ്യോഗസ്ഥരായ അനീഷ്, നിതിന്‍ എന്നിവര്‍ക്കെതിരെ പരാതി നൽകിയത്. പരാതിയ്‌ക്കൊപ്പം ഡിജിറ്റല്‍ തെളിവുകളും നൽകിയതായാണ് വിവരം. ജൂണ്‍ നാലിനും അനീഷിന്‍റെ സഹായത്തോടെയാണ് സ്വര്‍ണം എത്തിച്ചത്. എന്നാല്‍ ഉദ്യോഗസ്ഥൻ ഒറ്റിയത് കൊണ്ടാണ് കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടിയതെന്ന് പറഞ്ഞ് പ്രതികൾ വിമാനത്താവളത്തിലെത്തി ബഹളം വയ്ക്കുകയായിരുന്നു.
ഇതിന് ശേഷമാണ് കസ്റ്റംസ് ഇന്‍റലിജന്‍സ് കമ്മിഷണര്‍ക്ക് പരാതി നൽകിയത്. തുടര്‍ന്ന് പരാതി കൊച്ചിയിലെ കസ്റ്റംസ് കമ്മിഷണര്‍ക്ക് കൈമാറി. പരാതി ലഭിച്ചയുടന്‍ അനീഷിനെയും നിതിനെയും കസ്റ്റംസ് പ്രിവന്‍റീവ് ഡിവിഷനിലേക്ക് സ്ഥലം മാറ്റിയിരുന്നു. തുടര്‍ന്ന് ഡി ആര്‍ ഐ വിഭാഗം നടത്തിയ പ്രാഥമിക പരിശോധനയില്‍ ഇവരുടെ പങ്ക് വെളിവാവുകയും പിടികൂടുകയുമായിരുന്നു.
ഉദ്യോഗസ്ഥർ റിമാൻഡിൽ : അനീഷിനെയും നിതിനെയും സാമ്പത്തിക കുറ്റങ്ങള്‍ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്‌തിരുന്നു. സ്വര്‍ണക്കടത്തില്‍ ഇവര്‍ക്ക് എത്രമാത്രം ബന്ധമുണ്ടെന്നും, എത്ര കാലമായി സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്നും ഇനി കണ്ടെത്തേണ്ടതുണ്ട്. ഇതിനായാകും ഡി ആര്‍ ഐ ഇവരെ കസ്റ്റഡിയില്‍ വാങ്ങുക.
also read : ഹവാലയും കുഴല്‍പ്പണവും... രണ്ട് മാസത്തിനിടെ കാസർകോട് പിടിച്ചത് രണ്ട് കോടിയിലധികം