തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായ രാത്രികാല കർഫ്യൂ അടക്കം കടുത്ത നിയന്ത്രണം ഇന്ന് നിലവിൽ വന്നു. സംസ്ഥാന വ്യാപകമായി പൊലീസ് പരിശോധന കടുപ്പിച്ചു. മാസ്‌ക് ധരിക്കാത്തവർക്കും സാമൂഹ്യ അകലം പാലിക്കാത്തവർക്കും പിഴ നൽകുന്നതടക്കമുള്ള നടപടികൾ കർശനമായി നടപ്പാക്കുന്നുണ്ട്.
രണ്ടാഴ്‌ചത്തേക്ക് രാത്രി 9 മുതൽ രാവിലെ 5 വരെയാണ് കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സമയം ജനങ്ങൾ പുറത്തിറങ്ങുന്നതിനും കൂട്ടം കൂടുന്നതിനും നിയന്ത്രണം ഏർപ്പെടുത്തും. പൊതു ഗതാഗതത്തെ കർഫ്യു ബാധിക്കില്ലെങ്കിലും അത്യാവശ്യ യാത്രകൾ മാത്രമേ അനുവദിക്കുകയുള്ളൂ. അടിയന്തര യാത്രകൾ ഉള്ളവർ ആവശ്യം പരിശോധനാ സംഘത്തെ ബോധ്യപ്പെടുത്തണം. മെഡിക്കൽ സ്റ്റോർ, ആശുപത്രി, ഇന്ധന പമ്പുകൾ, രാത്രി ഷിഫ്റ്റിലെ ജീവനക്കാർ, പാൽ, പത്രം, മാധ്യമങ്ങൾ, ചരക്കു വാഹനങ്ങൾ എന്നിവയെ കര്‍ഫ്യൂവില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.