തിരുവനന്തപുരം : സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷ വിഭാഗത്തിന്‍റെ പ്രവർത്തനം വെറും പ്രഹസനമായി മാറുന്നുവെന്ന് വിമർശനം. ആറ് ദിവസത്തിന്‍റെ ഇടവേളയിൽ ഭക്ഷ്യവിഷബാധയേറ്റ് രണ്ട് മരണം റിപ്പോർട്ട് ചെയ്‌തതോടെയാണ് വകുപ്പിനെതിരെ വ്യാപക വിമർശനം ഉയരുന്നത്. കോട്ടയത്ത് രശ്‌മിയെന്ന യുവതിയുടെ മരണത്തിന് പിന്നാലെയാണ് മറ്റൊന്നുകൂടി സംഭവിച്ചിരിക്കുന്നത്.
മരണം റിപ്പോർട്ട് ചെയ്യുമ്പോൾ മാത്രമാണ് ഇത്തരത്തിൽ സംസ്ഥാന വ്യാപകമായി പരിശോധന നടത്തുന്നത്. പരിശോധനയ്‌ക്കിറങ്ങുമ്പോള്‍ മാത്രമാണ്, ലൈസൻസ് പോലുമില്ലാതെ ഹോട്ടലുകൾ പ്രവർത്തിക്കുന്ന വിവരം ഭക്ഷ്യസുരക്ഷ വകുപ്പ് അറിയുന്നത്. കഴിഞ്ഞ മെയ് മാസത്തിൽ കാസർകോട് 16 വയസുകാരി ഭക്ഷ്യവിഷബാധയേറ്റ് മരിച്ചിരുന്നു.
അന്ന് ജില്ലയിൽ വ്യാപക പരിശോധന നടന്നു. എന്നാൽ ഇതൊന്നും യാതൊരു ഗുണവും ചെയ്‌തില്ലെന്നതാണ് ഇപ്പോഴത്തെ സംഭവം തെളിയിക്കുന്നത്. മോശം ഭക്ഷണം വിളമ്പുന്ന ഹോട്ടൽ ഉടമയ്ക്ക് 10 ലക്ഷം രൂപ പിഴയും ഏഴുവർഷം വരെ തടവും ശിക്ഷ നൽകാനുള്ള വകുപ്പ് നിയമത്തിലുണ്ട്.
എന്നാൽ, സംസ്ഥാനത്ത് ഇതുവരെ ഒരാൾ പോലും ഈ നിയമപ്രകാരം ശിക്ഷിക്കപ്പെട്ടിട്ടില്ല. പരിശോധന വർധിപ്പിച്ചിട്ടുണ്ടെന്ന അവകാശവാദമാണ് ഭക്ഷ്യ സുരക്ഷ വകുപ്പ് നടത്തുന്നത്. 2022 ജൂലൈ മുതൽ ഡിസംബർ വരെ 4,61,928 പരിശോധനകൾ നടന്നതായാണ് കണക്ക്. 149 ഹോട്ടലുകൾ പൂട്ടിച്ചിട്ടുമുണ്ട്. എന്നാൽ ഇത്തരത്തിൽ പൂട്ടിച്ച ഹോട്ടലുകൾ പിഴയൊടുക്കിയ ശേഷം വീണ്ടും പ്രവർത്തനം തുടരുകയാണ്.