തിരുവനന്തപുരം: സംസ്ഥാനത്തെ കൈത്തറി മേഖലയിൽ പ്രതിസന്ധി രൂക്ഷം. ജില്ലയിലെ കൈത്തറി സംഘങ്ങളുടെ പ്രവർത്തനം നിലച്ചിട്ട് ആറുമാസത്തോളമായി. സ്കൂൾ യൂണിഫോം നെയ്ത്തിനെ ആശ്രയിച്ചു പ്രവർത്തിച്ചിരുന്ന സംഘങ്ങളാണ് പ്രതിസന്ധിയിലായത്. ഭൂരിപക്ഷം നെയ്ത്തു ശാലകളിലും തറിയുടെ താളം നിലച്ചിട്ട് മാസങ്ങളാകുന്നു. ജില്ലയിൽ മാത്രം 300 ഓളം കൈത്തറി സഹകരണസംഘങ്ങളും ആയിരത്തോളം തൊഴിലാളികളുമാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നത്.
തകർച്ചയിലേക്ക് വീണു തുടങ്ങിയ സംസ്ഥാനത്തെ കൈത്തറി സംഘങ്ങൾക്ക് ആശ്വാസമായിരുന്നു സ്കൂൾ യൂണിഫോം നെയ്ത്ത്. എന്നാൽ കഴിഞ്ഞ ഡിസംബറോടെ നെയ്ത്ത് നിലച്ചു. നെയ്യാൻ ആവശ്യമായ നൂല് നൽകുന്നത് സർക്കാർ നിർത്തിയതോടെ ആയിരുന്നു ഇത്. ഇതോടെ വരുമാനമില്ലാതെ തൊഴിലാളികൾ പ്രതിസന്ധിയിലായി. പ്രവർത്തനം നിലച്ചതോടെ തറികൾ നശിച്ചു തുടങ്ങി. ഇനി ഇവ വീണ്ടും പ്രവർത്തന സജ്ജമാക്കാൻ ഒരു തറിക്ക് ഏഴായിരത്തോളം രൂപ ചെലവ് വരുമെന്ന് തൊഴിലാളി പറയുന്നു.
കൊവിഡും ലോക്ക് ഡൗണും വന്നതോടെ പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കി. ക്ഷേമനിധിയിൽ നിന്ന് ആയിരം രൂപ ലഭിച്ചത് മാത്രമാണ് സർക്കാരിൽ നിന്നുള്ള ഏക സഹായം . അതു ലഭിച്ചത് ക്ഷേമനിധിയിൽ അംഗങ്ങളായ കുറച്ചു പേർക്ക് മാത്രവും. തകർന്നടിയുന്ന കൈത്തറി മേഖലയെ കൈ പിടിച്ചുയർത്താൻ പ്രത്യേക പാക്കേജാണ് തൊഴിലാളികളുടെ ആവശ്യം.
യൂണിഫോം നെയ്യുന്നതിനായി സർക്കാർ എസ്എസ്എ വഴി നൽകുന്ന സഹായം തനത് ഫണ്ടായി കൈത്തറി മേഖലയ്ക്ക് നൽകണമെന്നാണ് ഇവരുടെ ആവശ്യം. നിലവിൽ പൊതുവിദ്യാഭ്യാസ വകുപ്പ് വഴിയാണ് പണം നൽകുന്നത്. ഇതിനായി വിദ്യാഭ്യാസ വകുപ്പിന് മുന്നിൽ കേണപേക്ഷിക്കേണ്ട അവസ്ഥയാണെന്ന് തൊഴിലാളികൾ പറയുന്നു.