തിരുവനന്തപുരം: പൊലീസ് സേനയുടെ വെടിയുണ്ട കാണാതായ സംഭവം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. ഐ.ജി ശ്രീജിത്തായിരിക്കും സംഘത്തെ നയിക്കുക. ക്രൈംബ്രാഞ്ച് എസ്.പി ഷാനവാസാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. 15 പേരാണ് സംഘത്തിലുള്ളത്. ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ ജെ. തച്ചങ്കരിയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.
1996 - 2016 വരെയുള്ള 22 വര്‍ഷത്തെ കണക്കുകളാണ് അന്വേഷണ സംഘം പരിശോധിക്കുക. ഈ കാലഘട്ടത്തെ ഏഴ് ഘട്ടമായി തിരിച്ച് കേസ് അന്വേഷിക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനം. പേരൂര്‍ക്കട സ്റ്റേഷനില്‍ നിന്നും വെടിയുണ്ട കാണാതായ സംഭവത്തില്‍ 11 പൊലീസുകാരെ പ്രതിയാക്കിയുള്ള ഒരു കേസ് മാത്രമാണ് നിലവിലുള്ളത്. ഈ കേസില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ, വെടിയുണ്ടകള്‍ കാണാതായ വര്‍ഷങ്ങളില്‍ ഉദ്യോഗസ്ഥര്‍ ആരൊക്കെ, സംഭവത്തില്‍ ഗൂഢാലോചനയുണ്ടോ തുടങ്ങിയ വിഷയങ്ങളിലാണ് അന്വേഷണം. സി.എ.ജി റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നത് പോലെ തോക്കുകള്‍ നഷ്ടപ്പെട്ടിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് വിലയിരുത്തല്‍. അതിനാല്‍ അതുസംബന്ധിച്ച് സംഘം അന്വേഷിക്കില്ല.