തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കത്തിക്കുത്ത് കേസിനെ തുടര്‍ന്ന് വിവാദമായ സിവില്‍ പൊലീസ് ഓഫീസര്‍ റാങ്ക് പട്ടികയില്‍ നിന്ന് നിയമനം നടത്തുന്നതില്‍ എതിര്‍പ്പില്ലെന്ന് പരീക്ഷാ തട്ടിപ്പ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘം പി.എസ്.സിയെ അറിയിച്ചു. പരീക്ഷാ തട്ടിപ്പ് കേസിലെ പ്രതികളായ ശിവരഞ്ജിത്, നസീം, പ്രണവ് എന്നിവരൊഴികെ പട്ടികയിലുള്ള മുഴുവന്‍ പേര്‍ക്കും കര്‍ശനമായ പൊലീസ് പരിശോധനയ്ക്ക് ശേഷം നിയമനം നല്‍കാമെന്ന് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി ടോമിന്‍ ജെ.തച്ചങ്കരി പി.എസ്.സിക്കയച്ച കത്തില്‍ വ്യക്തമാക്കി.
പരീക്ഷയുടെ വിശ്വാസ്യത തകര്‍ക്കുന്ന തെളിവുകളൊന്നും ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. പരീക്ഷാ തട്ടിപ്പ് കേസ് അന്വേഷണം വേഗത്തിലും കാര്യക്ഷമമായും നടക്കുകയാണ്. സൈബര്‍ തെളിവുകള്‍ പരിശോധിച്ചു. ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ട് ഇനി കിട്ടാനുണ്ട്. കൂട്ട കോപ്പിയടിയോ വന്‍തോതില്‍ ചോദ്യപേപ്പര്‍ ചോര്‍ച്ചയോ ഇല്ല. പിടിയിലായ ആറ് പ്രതികളായ നസീം, ശിവരഞ്ജിത്, പ്രണവ്, ഗോകുല്‍, പ്രവീണ്‍ എന്നിവര്‍ മാത്രം ഗൂഡാലോചന നടത്തി ചോദ്യപേപ്പര്‍ ചോര്‍ത്തി. റാങ്ക് പട്ടികയിലെ ഒന്നാം സ്ഥാനക്കാരനായ ശിവരഞ്ജിത്തിനും രണ്ടാം റാങ്കുകാരനായ പ്രവീണിനും 28-ാം സ്ഥാനക്കാരനായ നസീമിനും വേണ്ടി ചോദ്യപേപ്പര്‍ ചോര്‍ത്തിയത് സുഹൃത്ത് പ്രവീണാണെന്നാണ് ക്രൈംബ്രാഞ്ച് നിഗമനം.
സഫീറും ഗോകുലുമാണ് ഉത്തരങ്ങള്‍ ഫോണിലൂടെ നല്‍കിയത്. ഫോണില്‍ ഘടിപ്പിച്ചിട്ടുള്ള സ്മാര്‍ട്ട് വാച്ച് വഴിയാണ് തട്ടിപ്പെന്നും പി.എസ്.സിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു. ഫലത്തില്‍ തട്ടിപ്പില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും അറസ്റ്റിലായ ആറ് പേര്‍ക്ക് മാത്രമാണ് പങ്കെന്നുമാണ് ക്രൈംബ്രാഞ്ച് ഇപ്പോള്‍ വ്യക്തമാക്കുന്നത്.